കളമശേരി സ്ഫോടനം; ഡൊമിനിക് മാർട്ടിൻ ബോംബിനായി വാങ്ങിയത് 50 ഗുണ്ട്
കൊച്ചി: കളമശേരി സാമ്ര കൺവൻഷൻ സെന്ററിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ ഡൊമിനിക് മാർട്ടിൻ വാങ്ങിയത് അമ്പതോളം ഗുണ്ടുകൾ. തൃപ്പൂണിത്തുറയിലെ പടക്കക്കടയിൽനിന്നാണ് വാങ്ങിയതെന്നും ഇതിലെ കരിമരുന്ന് എടുത്ത് രണ്ട് ബോംബുണ്ടാക്കിയതായും പൊലീസ് കണ്ടെത്തി.

അതിനിടെ ബോംബ് സ്‌ഫോടനത്തെ കേരളം ഒറ്റക്കെട്ടായി അപലപിച്ചു. ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് കേരളം ഒറ്റമനസ്സായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം പ്രഖ്യാപിച്ചു. സമാധാനവും സമുദായ സൗഹാർദവും മതനിരപേക്ഷ യോജിപ്പും ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്ന് യോഗം പ്രമേയത്തിൽ വ്യക്തമാക്കി.

ബോംബ് പൊട്ടുമ്പോൾ ആളിക്കത്താൻ എട്ട് ലിറ്റർ പെട്രോൾ വാങ്ങിയതിൻറെ ബില്ലും പ്രതിയിൽനിന്ന് കണ്ടെത്തി. പെട്രോൾ ഉപയോഗിച്ചതിനാലാണ് കൂടുതൽപേർക്ക് പൊള്ളലേറ്റതെന്നാണ് അന്വേഷകസംഘത്തിൻറെ വിലയിരുത്തൽ. ഏഴു പ്രാവശ്യമായാണ് പെട്രോൾ വാങ്ങിയത്. കരിമരുന്ന് കത്തിക്കാനുള്ള തീപ്പൊരി ഉണ്ടാക്കാൻ ആറു ബാറ്ററിയും ട്രിഗർചെയ്യാൻ നാലു റിമോട്ടുകളും കൊച്ചിയിലെ കടയിൽനിന്ന് വാങ്ങി.

സ്‌ഫോടനം നടന്ന ഞായർ പുലർച്ചെ അഞ്ചിനാണ് പ്രതി സ്‌കൂട്ടറിൽ തമ്മനം കുത്താപ്പാടി കാദർപിള്ള റോഡിലെ വാടകവീട്ടിൽനിന്ന് ഇറങ്ങിയത്. ആലുവ അത്താണിയിലെ തറവാട്ടുവീട്ടിൽ 5.40ന് എത്തി. ടെറസ്സിലിരുന്ന് 6.30ഓടെ ബോംബുനിർമ്മാണം പൂർത്തിയാക്കി. സ്‌കൂട്ടറിൽ രാവിലെ ഏഴിന് കൺവൻഷൻ സെന്ററിലെത്തി. 7.10ന് ഹാളിന് മധ്യഭാഗത്തെ കസേരകൾക്കിടയിൽ രണ്ടു പ്ലാസ്‌റ്റിക് കവറുകളിൽ ബോംബ് വച്ചു. 9.35ന് ഹാളിന് പുറകിലെത്തി റിമോട്ട് അമർത്തി സ്‌ഫോടനം നടത്തി.

ശേഷം സ്‌കൂട്ടറിൽ 10.45ന് കൊരട്ടിയിലെ ലോഡ്‌ജിലെത്തി ഫെയ്‌സ്‌ബുക് ലൈവിലൂടെ താനാണ് ബോംബ് വച്ചതെന്ന് വെളിപ്പെടുത്തി. 11.15ന് ഭക്ഷണം കഴിച്ച് അരമണിക്കൂറിനകം കൊടകര പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. തിങ്കൾ വൈകിട്ട് ഡൊമിനിക്കിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം, വധശ്രമം, ഗൂഢാലോചന കുറ്റങ്ങളും ഭീകരവാദ വിരുദ്ധനിയമ (യുഎപിഎ) പ്രകാരമുള്ള വകുപ്പുകളും ചുമത്തി.
