ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ജാഗ്രത സമിതി പരിശീലന പരിപാടി നടത്തി

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാർഡ് തല ജാഗ്രത സമിതി അംഗങ്ങൾക്ക് കേരള വനിതാ കമ്മീഷൻ്റെ നേതൃത്വത്തിൽ പരിശീലനം നൽകി. കേരള വനിത കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി സതീദേവി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ സംഘടിപ്പിച്ച പരിപാടിക്ക് ഐസിഡിഎസ് സൂപ്പർവൈസർ വിജില ഒ സ്വാഗതം പറഞ്ഞു.

പരിപാടിയിൽ പരിശീലനത്തിനായി നൂറിലധികം അംഗങ്ങൾ പങ്കെടുത്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന ജാഗ്രതാ സമിതികളുടെ പ്രവർത്തനം വളരെ ഗൗരവത്തിലും കൃത്യതയോടെയും നടക്കേണ്ടതാണ്. സ്ത്രീകൾക്കും കുട്ടികൾക്കും സന്തോഷത്തോടെയും സമാധാനത്തോടെയും സ്വാതന്ത്ര്യമായി, സമത്വത്തോടെ ജീവിക്കാനാവുന്ന വിധത്തിൽ ഓരോ ഇടങ്ങളും മാറ്റിയെടുക്കേണ്ടതുണ്ട്. അതിന് ജാഗ്രത സമിതി അംഗങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള വനിതാ കമ്മീഷൻ മുൻകൈയെടുത്ത് എല്ലാ വാർഡുകളിലും ജാഗ്രത സമിതി പരിശീലനം സംഘടിപ്പിക്കുന്നത്.

പരിശീലന പരിപാടിയിൽ അഡ്വ. സി കെ സിജിറ (ലീഗൽ കൺസൾട്ടൻ്റ്, ലീഗൽ റിസോഴ്സ് സെൻ്റർ) ക്ലാസ് നയിച്ചു. സ്ഥിരം സമിതി അംഗങ്ങളായ സന്ധ്യ ഷിബു, വി.കെ അബ്ദുൾ ഹാരിസ്, അതുല്യ ബൈജു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിതിൻ, സിഡിഎസ് ചെയർപേഴ്സൺ ആർ പി വത്സല, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നയന എന്നിവർ സംസാരിച്ചു.
