KOYILANDY DIARY.COM

The Perfect News Portal

കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം ആസൂത്രിതമാണോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല; കമ്മീഷണര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം ആസൂത്രിതമാണോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. എല്ലാവിധത്തിലുള്ള പരിശോധനകളും പൊലീസ് നടത്തുന്നുണ്ടെന്നും ആദ്യം കുട്ടിയെ കണ്ടെത്തുക എന്നുള്ളതാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. മൂന്ന് മണിക്കുറിലധികമുള്ള ദൃശ്യങ്ങള്‍ ഉണ്ട്. മറ്റു ജില്ലകളിലെ പൊലിസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂട്ടര്‍ മാത്രമല്ല മറ്റു ചില കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. കുടുംബത്തെയും ആ സ്ഥലത്ത് ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്ത് വരികയാണ്. ഒരുപാട് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അത് പരിശോധിക്കാനുള്ള സമയം വേണം.

 

കുട്ടിയുടെ കുടുംബം വര്‍ഷത്തില്‍ രണ്ട് തവണ കേരളത്തില്‍ വരാറുണ്ട്. തേന്‍ ശേഖരിക്കുന്ന ആളുകളാണ് കുടുംബം. 11.30 വരെ കുട്ടിയെ കണ്ടെന്ന് കുടുംബം മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് അവര്‍ ഉറങ്ങി, പുലര്‍ച്ചെ ഒരു മണിക്ക് എണീറ്റ് നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ല എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ആ സമയത്ത് ട്രെയിനുകളോ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പോ ഇല്ല. അത് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കി.

Advertisements
Share news