KOYILANDY DIARY.COM

The Perfect News Portal

ഗാസയിൽ വംശഹത്യക്ക്‌ ഇരയാകുന്ന പലസ്‌തീൻകാരുടെ അവയവങ്ങൾ ഇസ്രയേൽ മോഷ്‌ടിക്കുന്നുവെന്ന്‌ ആരോപണം

ഗാസ സിറ്റി: ഗാസയിൽ വംശഹത്യക്ക്‌ ഇരയാകുന്ന പലസ്‌തീൻകാരുടെ അവയവങ്ങൾ ഇസ്രയേൽ മോഷ്‌ടിക്കുന്നുവെന്ന്‌ ആരോപണം. ഇസ്രയേൽ സൈന്യം കൈമാറിയ പലസ്‌തീൻകാരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങിയശേഷമാണ്‌ ഗാസ അധികൃതർ ഗുരുതര ആരോപണം ഉന്നയിച്ചത്‌. അന്താരാഷ്‌ട്ര അന്വേഷണം വേണമെന്ന്‌ അവർ ആവശ്യപ്പെട്ടു. അവയവങ്ങൾ ചൂഴ്‌ന്നെടുത്തെന്ന്‌ വെളിപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങൾ മൃതദേഹങ്ങളിൽ ദൃശ്യമായിരുന്നെന്ന്‌ ഗാസ കേന്ദ്രമായ മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്‌തു.

കെരെം ഷാലോം അതിർത്തിവഴി നിരവധി പലസ്‌തീൻകാരുടെ മൃതദേഹങ്ങൾ ഇസ്രയേൽ ഗാസ അധികൃതർക്ക്‌ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. പല മൃതദേഹങ്ങളും ജീർണിച്ച അവസ്ഥയിലും പല കഷണങ്ങളായ നിലയിലുമാണെന്ന്‌ റാഫയിലെ മുഹമ്മദ് യൂസഫ് എൽ നജർ ആശുപത്രി ഡയറക്ടർ മർവാൻ അൽ ഹംസ് പറഞ്ഞു. എവിടെവെച്ചു കൊല്ലപ്പെട്ടവരുടെ മൃതദേഹമാണിതെന്ന്‌ ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല.

 

ഗാസയിലെ ആശുപത്രികളിൽനിന്ന് അവയവങ്ങൾ ശേഖരിക്കുന്നതിനായി ഇസ്രയേൽ മൃതദേഹങ്ങൾ മോഷ്ടിച്ചതായി മനുഷ്യാവകാശ സംഘടനയായ യൂറോ-മെഡ് മോണിറ്റർ നേരത്തെ ആരോപിച്ചിരുന്നു. തിരികെ ലഭിച്ച മൃതദേഹങ്ങളിൽ കോർണിയ ഉൾപ്പെടെയുള്ള അവയവങ്ങളുടെ അഭാവം സൂചിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തിയതായും റിപ്പോർട്ട് അവകാശപ്പെട്ടു. അതിനിടെ, ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21,320 കവിഞ്ഞു. ബെയ്ത് ലാഹിയ, ഖാൻ യൂനിസ്, മഗാസി മേഖലകളിൽ വ്യാഴാഴ്ച 50 പേർ കൊല്ലപ്പെട്ടു. 

Advertisements

 

ബന്ദി കൈമാറ്റം: പുതിയ നിർദേശവുമായി ഇസ്രയേൽ
ബന്ദികളെ കൈമാറാൻ ഖത്തറിനോട് അമേരിക്കവഴി ഇസ്രയേൽ പുതിയ കരാർ നിർദേശിച്ചതായി റിപ്പോർട്ട്‌. ഗാസയിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽനിന്ന് സൈന്യത്തെ പിൻവലിക്കുകയും കൂടുതൽ സഹായം പ്രവേശിക്കാൻ അനുവദിക്കുകയും ചെയ്യുന്നതാണ് കരാറെന്ന്‌ ഇസ്രയേലിന്റെ ചാനൽ 13 റിപ്പോർട്ട് ചെയ്തു. രണ്ടാംഘട്ടത്തിൽ സൈനികർ അടക്കമുള്ള വനിതാ ബന്ദികളെയും ഇസ്രയേലുകാരുടെ മൃതദേഹങ്ങളും ഹമാസ്‌ വിട്ടുനൽകണം.

 

എന്നാൽ ബന്ദികളെ കൈമാറുമ്പോൾ പൂർണ വെടിനിർത്തലിന് ആഹ്വാനം ചെയ്യാത്തതിനാൽ ഹമാസ് നിർദേശം നിരസിച്ചതായി റിപ്പോർട്ടുണ്ട്‌. അതേസമയം, ജനറൽ സയെദ്‌ റാസി മൗസവിയുടെ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്ന്‌ ഇറാൻ അർധ സൈനിക റവല്യൂഷണറി ഗാർഡ്‌ തലവൻ ഹൊസ്സെയ്‌ൻ സലാമി പറഞ്ഞു. തിങ്കളാഴ്‌ച ദമാസ്‌കസിൽ ഇസ്രയേൽ വ്യോമാക്രമണത്തിലാണ്‌ മൗസവി കൊല്ലപ്പെട്ടത്‌.

പലസ്‌തീന്‌ സഹായം നൽകി ഇന്ത്യ
പലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്‌ട സംഘടനാ ഏജൻസിയായ യുഎൻആർഡബ്ല്യുഎക്ക്‌ 20.79 കോടി രൂപകൂടി സംഭാവന ചെയ്‌ത്‌ ഇന്ത്യ. രണ്ടാം ഗഡുവായി തുക നൽകിയതായി പലസ്തീനിലെ ഇന്ത്യയുടെ പ്രതിനിധി ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നേരത്തേ നവംബറിലും സമാന തുക സംഭാവന ചെയ്‌തിരുന്നു. ഇന്ത്യൻ പ്രതിനിധി എലിസബത്ത് റോഡ്രിഗസ് തുക കൈമാറി. പലസ്തീൻ അഭയാർത്ഥികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസം, സാമൂഹിക സേവനങ്ങൾ എന്നിവയുൾപ്പെടെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടാണ്‌ സഹായം.

Share news