KOYILANDY DIARY

The Perfect News Portal

ഇൻ്റർനാഷണൽ ആർട്ട് ഫിയസ്റ്റ മെഗാ ചിത്ര പ്രദർശനം സമാപിച്ചു

കോഴിക്കോട്: കാപ്പാട് സൈമൺ ബ്രിട്ടോ ആർട് ഗാലറിയിൽ നടന്നുവന്ന ഇൻ്റർനാഷണൽ ആർട്ട് ഫിയസ്റ്റ സമാപിച്ചു. 2023 ഡിസംബർ 26 ആരംഭിച്ച് 4 മാസം നീണ്ടുനിന്ന പ്രദർശനത്തിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രകാരന്മാരുടെയും വ്യത്യസ്ത ശൈലിയിലുള്ള ചിത്രങ്ങൾ കാണുവാനും സ്വന്തമാക്കാനുമുള്ള അവസരം ടൂറിസ്റ്റുകൾക്കും മറ്റു കലാസ്നേഹികൾക്കും ലഭിച്ചു. പ്രമുഖരായ അറുപത് ചിത്രകാരന്മാർ ചിത്രപ്രദർശനത്തിൽ പങ്കു ചേർന്ന ഷോയ്ക്ക് ഓൺലൈൻ, പ്രിൻ്റ് മീഡിയകളിൽ നിന്നും നല്ല സഹകരണമാണ് ലഭിച്ചത്.
ആയിരം രൂപ മുതൽ ലക്ഷം രൂപ വരെ വില വരുന്ന ചിത്രങ്ങൾ ഗാലറിയിൽ നിന്നും അവർ സ്വന്തമാക്കിയത് പ്രദർശനത്തിൻ്റെ ജനപ്രിയതയുടെ അടയാളമായി. ചിത്രപ്രദർശനത്തോടൊപ്പം നിരവധി കലാപരിപാടികൾ മധു ബാലൻ്റ നിയന്ത്രണത്തിൽ നടന്നു. റിയലിസ്റ്റിക്, സർ റിയലിസ്റ്റിക്, എക്സ്പ്രഷനലിസ്റ്റ് കണ്ടമ്പററി രചനാ ശൈലികളിൽ അക്രിലിക്  ഓയി, ചാർ കോൾ, വാട്ടർ കളർ, മിക്സഡ് മീഡിയ തുടങ്ങി എല്ലാ മീഡിയത്തിലുമുള്ള ചിത്രങ്ങൾ പ്രദർശനത്തിന് മാറ്റുകൂട്ടി.
Advertisements
ചേമഞ്ചേരി പഞ്ചായത്തിന്റെ പ്രത്യേക സഹകരണത്തിൽ നടക്കുന്ന പ്രദർശനത്തിന് കലാസ്നേഹികളുടെ അടുത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ക്യുറേറ്ററായ ഡോ. ലാൽ രഞ്ജിത്ത് പറഞ്ഞു. അവസാനിക്കുന്ന ദിവസം നടന്ന  പ്രത്യേക ഓക്ഷൻ സെയിലിൽ പെയിൻറിംഗുകളും വിറ്റുപോയതായി കൺവീനർമാരായ സന്തോഷ് കെ വി, മനോജ് ടി യു എന്നിവർ അറിയിച്ചു. ടൂറിസ്റ്റ് സെൻ്ററുകളിൽ 4 മാസം നീണ്ടു നിന്ന ചിത്രപ്രദർശനം കേരളത്തിൽ ഒരു റിക്കോർഡ്‌ ആണ്. വരുന്ന ഡിസംബറിൽ മണാലിയിലെ റോയ് റിച്ച് ആർട് ഗാലറിയിൽ അടുത്ത പ്രദർശനത്തിന് ഒരുങ്ങുകയാണ് ഇൻറർനാഷണൽ ആർട് ഫിയസ്റ്റ ടീം.