KOYILANDY DIARY.COM

The Perfect News Portal

നിപാ ബാധയുടെ സാഹചര്യത്തിൽ മോണോക്ലോണൽ ആൻറിബോഡി വികസിപ്പിക്കാൻ താൽപ്പര്യമറിയിച്ച്‌ സ്ഥാപനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ നിപാ ബാധയുടെ സാഹചര്യത്തിൽ മോണോക്ലോണൽ ആൻറിബോഡി വികസിപ്പിക്കാൻ താൽപ്പര്യമറിയിച്ച്‌ ആരോഗ്യ ഗവേഷണ സ്ഥാപനങ്ങൾ. തോന്നയ്‌ക്കൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ അഡ്‌വാൻസ്‌ഡ്‌ വൈറോളജി, നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌, രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി എന്നീ മൂന്ന്‌ സ്ഥാപനങ്ങളാണ്‌ ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിനെ താൽപ്പര്യമറിയിച്ചത്‌.

നിപാ രോഗമുക്തി നേടിയവരിൽ നിന്ന്‌ ശേഖരിക്കുന്ന രക്തസാമ്പിളിൽ നിന്നാണ്‌ മോണോക്ലോണൽ ആന്റിബോഡി വികസിപ്പിക്കുക. നിപാ സംബന്ധിച്ച പഠന, ഗവേഷണങ്ങൾ സംസ്ഥാന സർക്കാരുമായി സഹകരിച്ചുവേണമെന്ന്‌ കഴിഞ്ഞ ദിവസം മാർഗനിർദേശമിറക്കിയിരുന്നു. ഗവേഷണത്തിനുള്ള ഭരണാനുമതി ലഭിച്ചാലുടൻ ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ്‌ കമ്മിറ്റിയുടെ അനുമതി വാങ്ങാം.

 

തുടർന്ന്‌ നിർദേശങ്ങൾ  കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ എത്തിക്‌സ്‌ കമ്മിറ്റിയ്‌ക്ക്‌ (ഹ്യൂമൻ) സമർപ്പിക്കണം. പൊതുജനാരോഗ്യ മേഖലയ്ക്കുണ്ടാകുന്ന ഗുണം, ഗവേഷണത്തിന്റെ പ്രാധാന്യം എന്നിവ പരിഗണിച്ച് അപേക്ഷ പരിഗണിക്കും. കോഴിക്കോട്‌ ജില്ലാ സർവൈലൻസ്‌ ഓഫീസർക്കാണ്‌ മറ്റ്‌ ചുമതലകൾ. രോഗമുക്തരിൽ നിന്ന്‌ രക്തസാമ്പിൾ ശേഖരിക്കുന്നതിനടക്കം ഡിഎസ്‌ഒയുടെ സഹായമുണ്ടാകും. 

Advertisements

 

ഇതുസംബന്ധിച്ച നിർദേശങ്ങളും ആരോഗ്യവകുപ്പ്‌ പുറത്തിറക്കി. രോഗമുക്തരിൽ നിന്ന്‌ രേഖാമൂലം സമ്മതം വാങ്ങി മാത്രമെ സാമ്പിളെടുക്കാവൂ. ഒരാളിൽ നിന്ന്‌ 10–-20 മില്ലിലിറ്റർ രക്തമാണ്‌ ശേഖരിക്കുക. രോഗമുക്തിക്ക്‌ എട്ടാഴ്ചയ്ക്കുള്ളിൽ സാമ്പിളെടുക്കണം. സാമ്പിൾ ലഭ്യത കുറവാണെങ്കിൽ കേരളത്തിന്റെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനാകും മുൻഗണനയെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവിലുണ്ട്‌.

മോണോക്ലോണൽ ആന്റിബോഡി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത രോഗമുക്തരെ പറഞ്ഞുമനസിലാക്കും. തുടർന്ന്‌ അവരുടെ പൂർണ സമ്മതത്തോടെ സാമ്പിളെടുക്കം. സെപ്‌തംബറിൽ കോഴിക്കോട്‌ നിപാ ബാധിച്ച ആറുപേരിൽ നാലുപേർ രോഗമുക്തി നേടിയിരുന്നു. മരുതോങ്കരയിൽനിന്ന്‌ ശേഖരിച്ച വവ്വാലുകളുടെ 12 സാമ്പിളുകളിൽ ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോർജ്‌ വ്യക്തമാക്കിയിരുന്നു.

എന്താണ്‌ മോണോക്ലോണൽ ആന്റിബോഡി
ലബോറട്ടറി നിർമ്മിത പ്രോട്ടീനുകളാണ് മോണോക്ലോണൽ ആന്റിബോഡികൾ. ഇത് രോഗങ്ങളിൽ നിന്നും രോഗാണുക്കളിൽനിന്നും മനുഷ്യശരീരത്തെ സംരക്ഷിക്കും. രോഗത്തെ ഇല്ലാതാക്കുകയാണ്‌ മോണോക്ലോണൽ ആന്റബോഡികളുടെ പ്രധാന ദൗത്യം. ഓസ്‌ട്രേലിയയിൽ നിന്ന്‌ മോണോക്ലോണൽ ആന്റിബോഡി എത്തിച്ചാണ്‌ കേരളം വിവിധ ഘട്ടങ്ങളിൽ നിപായെ പ്രതിരോധിച്ചത്‌.

 

Share news