KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് പകർച്ചപനി വ്യാപകമാകുന്നു; പ്രതിദിന പനിബാധിതരുടെ എണ്ണം13,000ത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപനി വ്യാപകമാകുന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം 13,000ത്തിലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസം മാത്രം 12,984 പേർക്ക് പനി ബാധിച്ചു. ഡെങ്കിപ്പനിയും എലിപ്പനിയും വർധിക്കുന്നതും സ്ഥിതി രൂക്ഷമാക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 110 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിൽ 43 എണ്ണവും എറണാകുളത്താണ്. 218 പേർക്കാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുള്ളത്. മലപ്പുറത്താണ് പനി ബാധിതരുടെ എണ്ണത്തിൽ വർധന. ഇന്നലെ മാത്രം 2171 പേർക്കാണ് മലപ്പുറത്ത് പനി ബാധിച്ചത്. ഇന്നലെ വരെ ജില്ലയിൽ 53 ‍‍‍ഡെങ്കിപ്പനി കേസുകളും നേരിയ ലക്ഷണങ്ങളുള്ള 213 കേസുകളും റിപ്പോർട്ട് ചെയ്‌തു.

എട്ട് പേർക്ക് എലിപ്പനിയും മൂന്ന് പേർക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് പത്തനംതിട്ടയിൽ ഒരാഴ്‌ചയ്‌ക്കിടെ 3 പേർ  മരിച്ചിരുന്നു. പനി ബാധിച്ച് ഇതുവരെ മരിച്ചവരിൽ ഏറെയും കുട്ടികളും 50ൽ താഴെ പ്രായമുള്ളവരുമാണ്. മഴക്കാലം ആരംഭിച്ചതോടെയാണ് പനിബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടായത്. ആവശ്യമായ എല്ലാ മുൻകരുതലുകളും ആരോ​ഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.