KOYILANDY DIARY.COM

The Perfect News Portal

കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാൻ മത്സ്യബന്ധന ബോട്ട് മോചിപ്പിച്ച്‌ ഇന്ത്യൻ നാവികസേന

മുംബൈ: സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാൻ മത്സ്യബന്ധന ബോട്ട് മോചിപ്പിച്ച്‌ ഇന്ത്യൻ നാവികസേന. സൊമാലിയയുടെ കിഴക്കൻ തീരവും ഏദൻ ഉൾക്കടലും ഉൾപ്പെടുന്ന മേഖലയിൽ വിന്യസിച്ചിട്ടുള്ള ഐഎൻഎസ് സുമിത്രയാണ്‌ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്‌. ഇറാനിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള ഇമാനെന്ന ബോട്ട് പിടികൂടിയ കടൽകൊള്ളക്കാർ 17 ജീവനക്കാരെയാണ്‌ ബന്ദികളാക്കിയത്‌. ഞായറാഴ്‌ച രാത്രി ഇന്ത്യൻ നാവിക സേനയ്ക്ക്‌ അപായ സന്ദേശം ലഭിച്ചു.

ഐഎൻഎസ് സുമിത്ര രംഗത്തെത്തിയതോടെ കടൽകൊള്ളക്കാർ ബന്ദികളെ മോചിപ്പിച്ചു. തുടർന്ന്‌ ബോട്ടും വിട്ടുനൽകി. പരിശോധനകൾക്കുശേഷം മത്സ്യബന്ധന ബോട്ടിന്  യാത്രതുടരാൻ അനുവദിച്ചെന്ന്‌ നാവികസേന വക്താവ്‌ പറഞ്ഞു. കപ്പലുകൾക്കുനേരെ ആക്രമണവും റാഞ്ചൽ ശ്രമങ്ങളും വ്യാപകമായതോടെ അറബിക്കടലിലും ഏദൻ ഉൾക്കടൽ മേഖലയിലുമായി 12 യുദ്ധക്കപ്പലുകൾ ഇന്ത്യൻ നാവികസേന വിന്യസിച്ചിട്ടുണ്ട്.

 

ഗാസയിൽ ഇസ്രയേൽ കടന്നാക്രമണത്തിനുപിന്നാലെ മേഖലയിൽ കപ്പലുകൾ ലക്ഷ്യമിട്ട്‌ വ്യാപകമായ ആക്രമണസംഭവങ്ങൾ ഉണ്ടാകുന്നുണ്ട്‌. യമനിലെ ഹൂതി ആക്രമണത്തില്‍ ബ്രിട്ടീഷ് എണ്ണ ടാങ്കറിന് കഴിഞ്ഞ ദിവസം ഏദന്‍ ഉള്‍ക്കടലില്‍ തീപിടിച്ചിരുന്നു. ഐഎൻഎസ്‌ വിശാഖപട്ടണമാണ്‌ രക്ഷയ്‌ക്കെത്തിയതും തീയണച്ചതും. ജനുവരി അഞ്ചിന് വടക്കൻ അറബിക്കടലിൽ എംവി ലീല നോർഫോക്ക് കപ്പൽ റാഞ്ചാനുള്ള ശ്രമവും നാവികസേന പരാജയപ്പെടുത്തി.

Advertisements
Share news