ചെങ്ങോട്ടുകാവ് നവീകരിച്ച ശ്രീരാമാനന്ദാശ്രമത്തിന്റെ ഉദ്ഘാടനവും, നവരാത്രി ആഘോഷവും
ചെങ്ങോട്ടുകാവ്: നവീകരിച്ച ശ്രീരാമാനന്ദാശ്രമത്തിന്റെ ഉദ്ഘാടനവും നവരാത്രി ആഘോഷവും 2023 ഒക്ടോബർ 20 മുതൽ 24 വരെ നടക്കും.. ഒക്ടോബർ 22 ഞായറാഴ്ച ശ്രീ രാമാനന്ദാശ്രമം മഠാധിപതി ഡോ. ധർമ്മാനന്ദ സ്വാമികളുടെ അധ്യക്ഷതയിൽ പ്രമുഖ സന്യാസിമാരുടെ സാന്നിധ്യത്തിൽ സംബോധ് ഫൗണ്ടേഷൻ കേരളയുടെ മുഖ്യ ആചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ ഉദ്ഘാടനം നിർവഹിക്കുന്നു.

കാര്യപരിപാടികൾ
മഹാഗണപതിഹോമം, ലക്ഷാർച്ചന, രുദ്രാഭിഷേകം, പുന:പ്രതിഷ്ഠ അനുബന്ധ പൂജകൾ ഭജൻ, നൃത്താർച്ചന, പ്രഭാഷണങ്ങൾ ചിദാനന്ദപുരി സ്വാമികൾ, ഗ്രന്ഥം വെപ്പ്, എഴുത്തിനിരുത്തൽ എന്നിവ നടക്കും.

1937 ൽ ചെങ്ങോട്ടുകാവ് സ്വദേശിയായിരുന്ന സഹചാനന്ദ സ്വാമികൾ തൻ്റെ ഗുരുവായിരുന്ന ശ്രീ രാമാനന്ദ ഗുരുദേവന്റെ പേരിൽ സ്ഥാപിച്ചിട്ടുള്ളതാണ് ശ്രീരാമാനന്ദാശ്രമം. ആരംഭ കാലം മുതൽ തന്നെ സനാതന ധർമ്മ പ്രവർത്തനത്തോടൊപ്പം സാമൂഹ്യ സേവന രംഗത്തും ആശ്രമത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. സ്വാതന്ത്ര്യ സമര കാലഘട്ടങ്ങളിൽ ദേശീയ പ്രസ്ഥാനത്തോടൊപ്പം അനാചാരങ്ങൾക്കെതിരെയും ജാതി വ്യവസ്ഥയ്ക്ക് എതിരായും സഹജാനന്ദ സ്വാമികൾ എല്ലാ ജാതി വിഭാഗങ്ങളെയും ഒരുമിപ്പിച്ചുകൊണ്ട് നടത്തിയ മിശ്രഭോജനം ചെങ്ങോട്ടുകാവിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചു.

ആശ്രമത്തിൽ പതിവായി നടത്തിവന്നിരുന്ന അന്നദാനം ദാരിദ്ര്യവും പട്ടിണിയും കൊണ്ട് പൊറുതിമുട്ടിയ ജനവിഭാഗങ്ങൾക്ക് ആശ്വാസമായിരുന്നു. സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂർ ഭാഗങ്ങളിൽ നിന്ന് നമ്മുടെ നാട്ടിലെത്തിയ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും താമസ സൗകര്യവും ഭക്ഷണത്തിനും പ്രയാസം നേരിട്ടപ്പോൾ അവർക്ക് സൗകര്യമൊരുക്കി കൊണ്ട് ശ്രീരാമാനന്ദാ ശ്രമം മാതൃകയായി. അത് പോലെ ചെങ്ങോട്ടുകാവ് പഞ്ചായത്ത് രൂപീകരിച്ചപ്പോൾ കെട്ടിടവും ജീവനക്കാർക്കുള്ള സൗകര്യം ഒരുക്കിയതും ശ്രീരാമാനന്ദ ആശ്രമമാണ്.
1991 മുതൽ അഡ്വ. എൻ ചന്ദ്രശേഖരൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ആധ്യാത്മിക രംഗത്തും സേവനരംഗത്തും മികച്ച പ്രവർത്തനം നടത്തിവരുന്നു. ഒപ്പം കമ്മിറ്റി നടത്തുന്ന ശ്രീരാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ സബ് ജില്ലയിലെ മികച്ച വിദ്യാലയമാണ്. 86 വർഷം പിന്നിട്ട ആശ്രമം മികച്ച സൗകര്യമൊരുക്കി പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ആശ്രമം പുതുക്കി പണിതത്.
