KOYILANDY DIARY.COM

The Perfect News Portal

നടിയെ ആക്രമിച്ച കേസിൽ, വിചാരണ നടപടികൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

നടിയെ ആക്രമിച്ച കേസിൽ, വിചാരണ നടപടികൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്നു പരിശോധിച്ചിട്ടും ഉത്തരവാദികൾക്കെതിരെ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്. ഹൈക്കോടതിയ്ക്കും സുപ്രീംകോടതിക്കും ഇക്കാര്യത്തിൽ പരാതി നൽകിയിട്ടും നടപടിയില്ല. ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്. എന്നാൽ, അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്നും അതിജീവിത തൻ്റെ കത്തിൽ പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍ എത്തിനിൽക്കെ കേസിൽ അന്തിമവാദം കേൾക്കുന്നത് നാളെ ആരംഭിക്കും. വാദം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച കൂടി സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. അന്തിമ വാദത്തിൻ്റെ നടപടിക്രമങ്ങള്‍ ഒരുമാസം കൊണ്ട് പൂര്‍ത്തിയാക്കിയേക്കും.

 

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികൾ പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിലാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ച് മെമ്മറി കാർഡ് പരിശോധിച്ച സംഭവത്തിൽ അന്വേഷണം വേണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടും അന്വേഷണത്തിന് രാഷ്ട്രപതി നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടും ഇപ്പോൾ കത്തയച്ചിരിക്കുന്നത്.

Advertisements
Share news