KOYILANDY DIARY.COM

The Perfect News Portal

ഹോം ബെയ്‌സ്ഡ് കോമ്പ്രിഹെന്‍സീവ് ചൈല്‍ഡ് കെയര്‍ പദ്ധതി നടപ്പിലാക്കും; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഹോം ബെയ്‌സ്ഡ് കോമ്പ്രിഹെന്‍സീവ് ചൈല്‍ഡ് കെയര്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പദ്ധതി വഴി സംസ്ഥാനത്തെ ആശ പ്രവര്‍ത്തകര്‍ വീടുകളിലെത്തി ആദ്യ ആഴ്ച മുതല്‍ ഒന്നര വയസുവരെ എല്ലാ കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നു. പ്രതിരോധ കുത്തിവയ്പ്പുകള്‍ കുഞ്ഞിൻറെ വളര്‍ച്ച, അമ്മയുടെ ആരോഗ്യം, ക്ഷേമപദ്ധതികള്‍ ആനുകൂല്യങ്ങള്‍ എന്നിവ ആശപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

നവജാത ശിശു സംരക്ഷണ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൻറെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാണ് കേരളം. കേരളത്തിൻറെ ശിശുമരണനിരക്ക് 2021ല്‍ 6 ആയിരുന്നു. ഇപ്പോഴത് അഞ്ചിനടുത്താണ്. രാജ്യത്തിൻറെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഒന്ന് 2030-നകം നവജാതശിശു മരണനിരക്ക് 12-ല്‍ താഴുക എന്നതാണ്.

 

ഇത് കേരളം വളരെ നേരത്തെ കൈവരിച്ചു. അഞ്ചില്‍ നിന്നും ശിശു മരണനിരക്ക് വീണ്ടും കുറച്ച് കൊണ്ടുവരാനാണ് കേരളം ശ്രമിക്കുന്നത്. നവജാതശിശു പരിചരണത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. നിലവില്‍ കേരളത്തില്‍ 24 എസ്.എന്‍.സി.യു. പ്രവര്‍ത്തിക്കുന്നു. ഇത് കൂടാതെ 64 എന്‍.ബി.എസ്.യു, 101 എന്‍.ബി.സി.സി. എന്നിവ സര്‍ക്കാര്‍ മേഖലയില്‍ സജ്ജമാക്കിയിട്ടുണ്ട്. അപൂര്‍വ രോഗങ്ങളുടെ ചികിത്സയില്‍ കേരളം രാജ്യത്തിന് മാതൃകയാണ്.

Advertisements

 

അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേക ചികിത്സാ പദ്ധതി ആവിഷ്‌ക്കരിച്ചു. 50 കുഞ്ഞുങ്ങള്‍ക്ക് ഈ പദ്ധതി വഴി ചികിത്സ നല്‍കി. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി എസ്.എ.ടി. ആശുപത്രിയെ സെന്റര്‍ ഓഫ് എക്‌സലന്‍സായി ഉയര്‍ത്തിയിട്ടുണ്ട്. മുഴുവന്‍ കുട്ടികള്‍ക്കും ചികിത്സ ഉറപ്പ് വരുത്തും. വൃക്ക രോഗവുമായി ബന്ധപ്പെട്ട് പ്രത്യേക പ്രോഗ്രാമും ആരംഭിക്കുന്നു. നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുന്നതിന് കേരളത്തിന്റെ അഭിമാന പദ്ധതികളില്‍ ഒന്നായ ഹൃദ്യം പദ്ധതി വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

 

6600 ഓളം കുഞ്ഞുങ്ങളേയാണ് ഇതിലൂടെ രക്ഷിക്കാനായത്. ഒരു വര്‍ഷം കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ഒരു ലക്ഷത്തി പതിനായിരം കുട്ടികളാണ് ജനിക്കുന്നത്. 92 ശതമാനം കുഞ്ഞുങ്ങളെയും പൂര്‍ണ ആരോഗ്യത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. ഗര്‍ഭിണിയാകുന്നത് മുതല്‍ കുഞ്ഞ് ജനിച്ച് 1000 ദിവസം വരെ കുഞ്ഞുങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നു. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും നവജാത ശിശു സ്‌ക്രീനിംഗ് ആയ ശലഭം നടപ്പിലാക്കി വരുന്നു.

നവജാത ശിശുക്കളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനും സമയബന്ധിതമായ ഇടപെടലുകള്‍ സാധ്യമാക്കുന്നതിനും ഈ പ്രോഗ്രാം വളരെയധികം സഹായകമാണ്. നവജാതശിശു ഐസിയുവില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന കുഞ്ഞുങ്ങളുടെ തുടര്‍പരിചരണം മെച്ചപ്പെടുത്താനുള്ള പ്രത്യേക കോള്‍ സംവിധാനത്തിൻറെ ഉദ്ഘാടനവും, എസ്.എ.ടി. ആശുപത്രിയില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സുഖം പ്രാപിച്ച 75 നവജാത ശിശുക്കളുടെ മാതാപിതാക്കളുടെ സംഗമവും ഇതോടൊപ്പം നടന്നു.

Share news