ഹൈറിച്ച് കമ്പനിയുടേത് കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്

തൃശൂർ: ഹൈറിച്ച് കമ്പനിയുടേത് കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്. മണിചെയിൻ മാർക്കറ്റിങ്ങിലൂടെ നിക്ഷേപകരിൽനിന്ന് 3000 കോടി രൂപയിലേറെ തട്ടിയെടുത്ത ഹൈറിച്ച് കമ്പനി ഉടമകൾക്ക് ഉന്നതരുമായി അടുത്ത ബന്ധം. 1.63 ലക്ഷം നിക്ഷേപകരിൽനിന്ന് 1630 കോടി തട്ടിയെടുത്തുവെന്നാണ് സംസ്ഥാന പൊലീസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.

കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണിത്. എന്നാൽ, അതിന്റെ ഇരട്ടി തുക മറ്റുപലരിൽനിന്നും തട്ടിയെടുത്തതായി വിവരങ്ങൾ പുറത്തുവന്നു. മൂവായിരം കോടിയിലേറെ തട്ടിയെടുത്തുവെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഹൈറിച്ച് കമ്പനി ഉടമകളായ ചേർപ്പ് സ്വദേശി കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ തൃശൂർ ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. ജിഎസ്‌ടി വെട്ടിപ്പ് ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലായിരുന്നു നടപടി.

ഇവർ ഹവാല ഇടപാടിലൂടെ 100 കോടിയിലേറെ രൂപ വിദേശത്തേക്ക് കടത്തിയതിനാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. ഇവരുടെ വലപ്പാടുള്ള ഗോഡൗൺ, വീട് എന്നിവ റെയ്‌ഡ് ചെയ്യാൻ കഴിഞ്ഞാഴ്‌ച ഇഡി എത്തിയിരുന്നു. ഇഡി എത്തുന്നതിന് നിമഷങ്ങൾക്കു മുമ്പ് ഇവർക്ക് വിവരം ചോർന്നുകിട്ടുകയും രേഖകളുമായി ഇഡി സംഘത്തിന് മുന്നിലൂടെ കാറിൽ രക്ഷപ്പെടുകയും ചെയ്‌തു. റെയ്‌ഡ് വിവരം ചോർന്നതിനെക്കുറിച്ച് ഇഡിയും അന്വേഷണം തുടങ്ങി.

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്‌ച കൊച്ചി പിഎഎൽഎ കോടതി പരിഗണിക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷയെ ഇഡി എതിർത്തിട്ടുണ്ട്. ഇതിനിടയിൽ നടൻ സുരേഷ് ഗോപിക്ക് ഹൈറിച്ച് കമ്പനി ഉടമകളായ പ്രതാപനും ഭാര്യ ശ്രീനയും ചേർന്ന് അവാർഡ് നൽകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. ഇഡി റെയ്‌ഡിനെത്തുന്ന വിവരം ചോർന്നത് ചർച്ചയായ സാഹചര്യത്തിലാണ് എറണാകുളത്ത് ഹൈറിച്ച് കമ്പനി നടത്തിയ പരിപാടിയിലെ ചിത്രം പുറത്തുവരുന്നത്.

കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടി രൂപയുടെ വായ്‌പത്തട്ടിപ്പാണ് നടന്നത്. അതിന്റെ പേരിൽ കരുവന്നൂരിൽനിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയ സുരേഷ് ഗോപി, തൃശൂരിൽ മൂവായിരം കോടി തട്ടിപ്പ് നടത്തി സാധാരണക്കാരെ വഞ്ചിച്ചയാളുമായി വേദി പങ്കിട്ടതും ചർച്ചയായിട്ടുണ്ട്. വിഷയത്തിൽനിന്ന് ബിജെപിയുടെ പങ്കിനെ വെള്ളപൂശാനാണ് കോൺഗ്രസ് നേതാവ് അനിൽ അക്കര രംഗത്തുവന്നത്. ഇവരുടെ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട പാവങ്ങളെക്കുറിച്ച് മിണ്ടുന്നുമില്ല.
