KOYILANDY DIARY

The Perfect News Portal

ആശുപത്രികൾക്ക്‌ എസ്‌ഐഎസ്‌എഫ്‌ സുരക്ഷ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: ആശുപത്രികൾക്ക്‌ എസ്‌ഐഎസ്‌എഫ്‌ സുരക്ഷ ഏർപ്പെടുത്തണമെന്ന ഹൈക്കോടതി. സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക്‌ സംസ്ഥാന വ്യവസായ സുരക്ഷാ സേന (എസ്ഐഎസ്‌എഫ്‌) യുടെ കാവലേർപ്പെടുത്താൻ പൊലീസിൽ ആലോചന. ആശുപത്രികൾക്ക്‌ എസ്‌ഐഎസ്‌എഫ്‌ സുരക്ഷ ഏർപ്പെടുത്തണമെന്ന ഹൈക്കോടതി നിർദേശത്തിന്റെയും കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ്‌ നീക്കം. സുരക്ഷാ പ്രോട്ടോക്കോളുണ്ടാക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്‌.

വ്യവസായ സ്ഥാപനങ്ങൾക്ക്‌ സുരക്ഷയേർപ്പെടുത്തുകയാണ്‌ പൊലീസിന്റെ പ്രാഥമിക ചുമതല. നിലവിൽ വ്യവസായ സ്ഥാപനങ്ങൾക്ക്‌ പുറമെ പൊതുമേഖലാ സ്ഥാപനങ്ങളും ദേശസാൽകൃത ബാങ്കുകൾക്കും സർക്കാർ ആവശ്യപ്പെടുന്ന ഗവ. സ്ഥാപനങ്ങൾക്കും എസ്‌ഐഎസ്‌എഫ്‌ സുരക്ഷ ഏർപ്പെടുത്താറുണ്ട്‌. പുതിയ സാഹചര്യത്തിൽ ആശുപത്രികളിൽ എസ്‌ഐഎസ്‌എഫ്‌ സുരക്ഷ ഏർപ്പെടുത്തുന്നത്‌ ഗുണകരമായിരിക്കുമെന്നാണ്‌ ഉന്നത പൊലീസുദ്യോഗസ്ഥരുടെ അഭിപ്രായം. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലും ആശുപത്രികളിൽ സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന്‌ ആലോചിക്കാൻ പൊലീസിന്‌ നിർദേശം നൽകിയിരുന്നു.

Advertisements

ആശുപത്രികളിലെ സുരക്ഷാ പ്രോട്ടോക്കോൾ പരിഷ്‌കരിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്‌. നിലവിൽ അറസ്റ്റിലായ പ്രതികളെ മെഡിക്കൽ പരിശോധനയ്‌ക്ക്‌ കൊണ്ടുവരുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ നിലവിലുണ്ട്‌. ഇത്‌ പ്രകാരം കേന്ദ്ര, സംസ്ഥാന സർക്കാർ സർവീസിലുള്ള ഡോക്ടർമാരുടെ അടുത്തുവേണം പരിശോധന നടത്താൻ. പ്രതിയെ ഹാജരാക്കുന്ന പൊലീസുകാർ പരിശോധനാ സമയത്ത്‌ അൽപം മാറി നിൽക്കുന്നതാകും ഉചിതം.

Advertisements

പ്രതിക്കും ഡോക്ടർക്കുമിടയിൽ ആവശ്യമായ സൗകര്യമുണ്ടാക്കുന്നതിനാണിത്‌. അതേസമയം, പ്രതി രക്ഷപെടാനുള്ള സാഹചര്യം ഒഴിവാക്കുകയും വേണം. പ്രതി സ്‌ത്രീയെങ്കിൽ പരിശോധനയ്‌ക്കും വനിതാ ഡോക്ടറാണ്‌ ഉചിതം തുടങ്ങിയ കാര്യങ്ങളാണ്‌ പ്രോട്ടോക്കോളിൽ പറയുന്നത്‌. അറസ്റ്റിലായ വ്യക്തിയുടെ കാര്യത്തിൽ മാത്രമാണ്‌ നിലവിൽ പ്രോട്ടോക്കോൾ ബാധകം. വന്ദന കൊലക്കേസിന്റെ സാഹചര്യത്തിൽ ലഹരിക്കടിപ്പെട്ട പരാതിക്കാരനെ കൊണ്ടുവരുമ്പോഴും സുരക്ഷാ പ്രോട്ടോക്കോൾ ഉറപ്പാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയരുന്നുണ്ട്‌. ഇക്കാര്യങ്ങൾകൂടി പരിഗണിച്ചാകും പുതിയ പ്രോട്ടോക്കോൾ നിർമിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുകയെന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥർ വ്യക്തമാക്കി.