KOYILANDY DIARY.COM

The Perfect News Portal

തടവുകാർക്ക് ഓൺലൈൻ നിയമപഠനത്തിന് ഹൈക്കോടതി അനുമതി

കൊച്ചി: പഞ്ചവത്സര എൽഎൽബി കോഴ്സിന് പ്രവേശനം ലഭിച്ച ജീവപര്യന്തം തടവുകാർക്ക് ഓൺലൈനായി പഠനം തുടരാൻ ഹൈക്കോടതിയുടെ അനുമതി. നിയമപഠനം പൂർത്തിയാക്കാൻ ശിക്ഷ മരവിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട് കൊലക്കേസിലടക്കം പ്രതികളായ പട്ടക്ക സുരേഷ് ബാബു, വി വിനോയ് എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ്‌  ജസ്‌റ്റിസ്‌ ജയശങ്കരൻ നമ്പ്യാർ, ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്ത്‌ എന്നിവടരങ്ങുന്ന ഡിവിഷൻബെഞ്ചിൻറെ ഉത്തരവ്‌.

ശിക്ഷ മരവിപ്പിച്ച് ഇരുവരെയും മോചിപ്പിക്കാനുള്ള പ്രത്യേക സാഹചര്യമില്ലെന്ന്‌ കോടതി വിലയിരുത്തി. കണ്ണൂർ ചീമേനിയിലെ തുറന്ന ജയിലിലുള്ള സുരേഷ് ബാബുവിന്‌ കുറ്റിപ്പുറം കെഎംസിടി കോളേജിലും കണ്ണൂർ ജയിലുള്ള വി വിനോയ്‌ക്ക്‌ എറണാകുളം പൂത്തോട്ട എസ്എൻ ലോ കോളേജിലുമാണ് എൽഎൽബി പ്രവേശനം ലഭിച്ചത്. നവംബർ ആറിന് ക്ലാസുകൾ ആരംഭിക്കാനിരിക്കെയാണ്‌ ശിക്ഷ മരവിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്‌.   

 

ഓൺലൈൻ എൽഎൽബി കോഴ്സുകൾക്ക് നിരോധനമുണ്ടെന്ന്‌ എംജി, കലിക്കറ്റ് സർവകലാശാലകൾ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ,  കോടതി ആവശ്യപ്പെട്ടാൽ ഓൺലൈൻ ക്ലാസിന് സൗകര്യമൊരുക്കാമെന്നും പ്രിൻസിപ്പൽമാർ വ്യക്തമാക്കി. അംഗീകൃത സർവകലാശാലയിൽനിന്ന് റഗുലർ കോഴ്സ് പാസായവർക്കേ അഭിഭാഷകരായി എൻറോൾ ചെയ്യാനാകൂവെന്ന്‌ ബാർ കൗൺസിലും അറിയിച്ചു.

Advertisements

 

അനിവാര്യ സാഹചര്യങ്ങളിലല്ലാതെ ജീവപര്യന്തം തടവുകാരുടെ ശിക്ഷ മരവിപ്പിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അപ്പീൽ പരിഗണനയിലാണെങ്കിലും ഇരുവർക്കും കൊലപാതകത്തിൽ പങ്കുള്ളതായി വിചാരണക്കോടതി കണ്ടെത്തിയതിനാൽ ശിക്ഷ മരവിപ്പിക്കാനാകില്ല.

 

സമൂഹത്തിൻറെ താൽപ്പര്യവും തടവുകാരൻറെ വ്യക്തിയെന്ന നിലയിലെ അവകാശങ്ങളും ഒരേസമയം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി. ഹർജിക്കാർ ക്ലാസിൽ നേരിട്ട് എത്തുന്നില്ലെങ്കിലും റെഗുലർ ക്ലാസിന് തുല്യമായി പരിഗണിക്കണമെന്ന്‌ കോടതി നിർദേശിച്ചു. നേരിട്ട് കോളേജുകളിൽ പോകേണ്ടിവരുമ്പോൾ ഒരുലക്ഷം രൂപ ബോണ്ടടക്കം ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്ന്‌ ജയിൽ സൂപ്രണ്ടുമാരോടും നിർദേശിച്ചു.

Share news