KOYILANDY DIARY.COM

The Perfect News Portal

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാം, സ്വകാര്യത മാനിക്കണം; ഹൈക്കോടതി

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി തളളി. സിനിമ നിര്‍മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. സ്വകാര്യത മാനിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാം എന്നാണ് കോടതിയുടെ നിര്‍ദേശം.

റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ജൂലൈ 24 ന് പുറത്തുവിടാനിരിക്കെയാണ് സിനിമ നിര്‍മാതാവ് സജിമോന്‍ പാറയില്‍ കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് ലഭിക്കുന്നതിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. വിവരാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കമ്മിഷന്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

റിപ്പോര്‍ട്ടില്‍ പൊതുതാത്പര്യമുണ്ടെന്നും സ്വകാര്യത സംരക്ഷിച്ച് ബാക്കി ഭാഗം പുറത്തുവിടണമെന്നുമായിരുന്നു വിവരവാകാശ കമ്മിഷന്റെ നിലപാട്. സ്വകാര്യത സംരക്ഷിച്ച് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന്  കേസില്‍ കക്ഷി ചേര്‍ന്ന സംസ്ഥാന വനിതാ കമ്മിഷനും വിമന്‍ ഇന്‍ സിനിമ കളക്ടീവും ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാനിരുന്ന ദിവസമാണ് ഹൈക്കോടതി ഹര്‍ജിയില്‍ സ്റ്റേ നല്‍കിയത്. സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിഷന്‍.

Advertisements

 

Share news