KOYILANDY DIARY

The Perfect News Portal

കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം; 31 വീടുകൾ തകർന്നു

കോഴിക്കോട്‌: കനത്ത മഴയിൽ രണ്ടാം ദിനവും ജില്ലയിൽ വ്യാപക നാശനഷ്‌ടം. നാല്‌ താലൂക്കുകളിലായി 31 വീടുകൾ തകർന്നു. വടകരയിൽ 10 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഗോതീശ്വരത്ത്‌ കടലാക്രമണം ശക്തമാണ്‌. പത്തോളം വീടുകളിൽ വെള്ളം കയറി. മരങ്ങൾ വീണും ഇലക്‌ട്രിക്‌ ലൈനുകൾ പൊട്ടി വീണും പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ആളപായമുണ്ടായിട്ടില്ല.
വീടുകളിൽ വെള്ളം കയറിയതിനാൽ വടകര ഏഴ്‌, നാദാപുരം രണ്ട്‌, കായക്കൊടി ഒന്ന്‌ വീതം കുടുംബങ്ങളെ  ബന്ധുവീടുകളിൽ മാറ്റി താമസിപ്പിച്ചു. ഈ ഭാഗങ്ങളിൽ 10 വീടുകൾ ഭാഗികമായി തകർന്നിട്ടുമുണ്ട്‌. താമരശേരി താലൂക്കിൽ ഈങ്ങാപ്പുഴ, കൊടുവള്ളി, കോടഞ്ചേരി എന്നിവിടങ്ങളിലാണ്‌ വീടുകൾ തകർന്നത്‌. ചാലിയാറിലെ ജലനിരപ്പ്‌ ഉയർന്നതോടെ തീരത്തെ വീടുകളിൽ വെള്ളം കയറി. റോഡുകളും അപകടാവസ്ഥയിലാണ്‌. വടകര ഗവ. ജില്ലാ ആശുപത്രിയോട്‌ ചേർന്ന്‌ അടുത്തിടെ നിർമിച്ച മതിൽ ഇടിഞ്ഞുവീണു. തുടർന്ന്‌ വാഹന ഗതാഗതം തടസ്സപ്പെട്ടു. 
 
Advertisements
മഴയിൽ 6.61 ഹെക്ടർ ഭൂമിയിൽ കൃഷിനാശമുണ്ടായി. വാഴ, പച്ചക്കറി, കവുങ്ങ്‌ തുടങ്ങിയ വിളകളാണ്‌ വെള്ളം കയറി  നശിച്ചത്‌. ചാത്തമംഗലം, നടുവണ്ണൂർ, മാവൂർ, കുന്നമംഗലം, കക്കോടി, ചേളന്നൂർ തുടങ്ങിയ ഭാഗങ്ങളിലാണ്‌ കൃഷിനാശം.
ജില്ലയിൽ രണ്ട്‌ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് ഗവ. യുപി സ്കൂളിലും പന്നിയങ്കര വില്ലേജിൽ കപ്പക്കൽ സ്കൂളിലുമാണ് ക്യാമ്പുകൾ. 27 ഓളം കുടുംബങ്ങളെ ഇവിടേക്ക് മാറ്റി.