KOYILANDY DIARY

The Perfect News Portal

ഹെൽത്ത്‌ കാർഡ്‌ തട്ടിപ്പ്‌, അടിയന്തര അന്വേഷണം നടത്താൻ മന്ത്രി വീണാ ജോർജ്ജ്

ഹെൽത്ത്‌ കാർഡ്‌ തട്ടിപ്പ്‌, അടിയന്തര അന്വേഷണം നടത്താൻ മന്ത്രി വീണാ ജോർജ്ജ്. കോഴിക്കോട്‌: സംസ്ഥാനത്ത് ഹെൽത്ത്‌ കാർഡ്‌ നിർബന്ധമാക്കിക്കൊണ്ടുള്ള ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്ന് സ്വകാര്യ ലാബ്‌ ശൃംഖല തട്ടിപ്പ്‌ നടത്തുന്നതായി പരാതി. നിർദ്ദേശങ്ങളിൽ പറഞ്ഞ പരിശോധന മുഴുവനായി നടത്താതെ സ്‌പെഷ്യൽ ക്യാമ്പ്‌ മാതൃകയിൽ പരിപാടി  സംഘടിപ്പിച്ച് 300 രൂപ ഈടാക്കി ഡോക്ടറുടെ ഒപ്പോടെയുള്ള കാർഡ്‌ വ്യാപകമായി നൽകുകയാണ്‌.
സംസ്ഥാന വ്യാപകമായി ലാബ്‌ നടത്തുന്ന ഹെൽത്ത്‌ കാർഡ്‌ ക്യാമ്പ്‌  പ്രഹസനമാണെന്നും പരിശോധന നടക്കുന്നില്ലെന്നും കാണിച്ച്‌ കേരള പാരമെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ്‌ ഫെഡറേഷൻ മുഖ്യമന്ത്രി‌ക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്താനാൻ മന്ത്രി വീണാ ജോർജ്ജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Advertisements

ഹോട്ടലുകളിലും മറ്റുമുള്ള ജീവനക്കാർ ശരീര പരിശോധന, കാഴ്ചശക്തി, ത്വക്‌‌രോഗങ്ങൾ, വ്രണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധനക്ക്‌ വിധേയമാകണം. വാക്സിൻ സ്വീകരിച്ചിട്ടുണ്ടോ പകർച്ചവ്യാധികളുണ്ടോ എന്നതും പരിശോധിക്കണം. ഇത്‌ വിലയിരുത്തിയാണ്‌ രജിസ്‌ട്രേഡ്‌ മെഡിക്കൽ പ്രാക്‌ടീഷണർ ഒപ്പും സീലുമുള്ള ഹെൽത്ത്‌ കാർഡ്‌ അനുവദിക്കുക.

സ്വകാര്യ ലാബുകളിൽ 900 രൂപയും സർക്കാർ ആശുപത്രികളിൽ 400 രൂപയുമാണ്‌ പരിശോധന‌ക്ക്‌ ഈടാക്കുന്നത്‌. 300 രൂപ‌ക്ക്‌ മുഴുവൻ പരിശോധനയും നടത്താനാവില്ല. സ്ഥാപന ഉടമകളാണ്‌ അതത്‌ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്‌ കാർഡ്‌ എടുത്തു കൊടുക്കുന്നത്‌. ചെറിയ തുകയിൽ കാർഡ്‌ ലഭിക്കുന്നതിനാൽ സ്ഥാപന ഉടമകൾ ലാബുമായി ചേർന്ന്‌ ക്യാമ്പിൻ്റെ ഭാഗമാകുകയാണ്‌.