KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ ഹരിതസഭ ചേർന്നു

കൊയിലാണ്ടി: മാലിന്യ മുക്തം നവകേരള പദ്ധതിയുടെ ഭാഗമായി നടന്ന കൊയിലാണ്ടി നഗരസഭയുടെ ഹരിതസഭ കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ വിഭാഗം തയാറാക്കിയ പ്രവർത്തന പത്രികയുടെ പ്രകാശനവും എം.എൽ.എ നിർവ്വഹിച്ചു. ടൗൺ ഹാളിൽ നടന്ന സഭയിൽ നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നഗരസഭയിൽ 2023 മാർച്ച് 15 മുതൽ ജൂൺ 1 വരെ നടത്തിയ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായ പുരോഗതി, മാറ്റങ്ങൾ, ഇതിനായി നടത്തിയ പ്രത്യേക പ്രവർത്തനങ്ങൾ, നൂതന പരിപാടികൾ, പ്രവർത്തനങ്ങൾ, നേരിട്ട പ്രതിസന്ധികളും തടസ്സങ്ങളും, അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളുടെയും ജനകീയ പരിശോധന ഹരിത സഭയിലൂടെ നടന്നു. 2024 മാർച്ചോടുകൂടി നഗരസഭയിൽ സമ്പൂർണ്ണ മാലിന്യ മുക്തമാക്കുന്നത്  പ്രവർത്തന പരിപാടികൾ ആവിഷ്കരിച്ചു. പരിപാടിയിൽ സെക്രട്ടറി ഇൻചാർജ് കെ.കെ. ബീന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിദഗ്ധ സമിതി പാനൽ പ്രതിനിധി ജോർജ് മാസ്റ്റർ അവതരിപ്പിക്കപ്പെട്ട റിപ്പോർട്ടിൽമേലും ചർച്ച നടന്നു.
Advertisements
പരിസ്ഥിതി ദിന സന്ദേശം നഗരസഭ ഹെൽത്ത് ചെയർപേഴ്സൺ സി.പ്രജിലയും, ഹരിത കർമ്മ സേന അനുഭവങ്ങളും പ്രതിസന്ധികളും ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി സിന്ധുവും പങ്കുവച്ചു. നഗരസഭയിൽ മാർച്ച് 15 മുതൽ ജൂൺ 1 വരെ നടത്തിയ പ്രവർത്തനങ്ങളുടെ അവതരണം സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ. പി. സുരേഷ് അവതരിപ്പിച്ചു. നഗരസഭയിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങളെയും  ഹരിത സഭയിൽ വെച്ച് ആദരിച്ചു.
ഹരിത സഭയിൽ പങ്കെടുത്തവർക്കെല്ലാം വൃക്ഷത്തൈ വിതരണവും നടന്നു.
 2024 മാർച്ച് 31 വരെ നഗരസഭ രണ്ടാംഘട്ടത്തിൽ നടത്തുന്നതിനുള്ള പദ്ധതി നഗരസഭാ ചെയർപേഴ്സൺ ഹരിത സഭ മുമ്പാകെ അവതരിപ്പിച്ചു. പരിപാടിയിൽ കൗൺസിലർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഓഫീസ് മേധാവികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, യുവജന സംഘടനപ്രതിനിധികൾ, വിദ്യാർത്ഥികൾ, അധ്യാപകർ, റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ, ആരോഗ്യ ശുചിത്വ കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ സ്വാഗതവും ക്ലീൻ സിറ്റി മാനേജർ  ഇ ബാബു നന്ദിയും പറഞ്ഞു.