ബിജെപി ഭരണത്തിന് കീഴിൽ ഗുജറാത്ത് അതിവേഗം പിറകോട്ട്: സിപിഐഎം നേതാക്കൾ

ഗുജറാത്ത് കലാപം സംഘപരിവാർ ആസൂത്രണം ചെയ്തതാണെന്ന് ഗുജറാത്തിൽ നിന്ന് ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ എത്തിയ സമ്മേളന പ്രതിനിധികൾ പറയുന്നു. ബിജെപിയുടെ തുടർച്ചയായ ഭരണത്തിന് കീഴിൽ സംസ്ഥാനം അതിവേഗം പിറകോട്ടാണ് പോകുന്നതെന്നും മുസ്ലിം ന്യൂനപക്ഷങ്ങൾ രണ്ടാംകിട പൗരൻമാരെപ്പോലെയാണ് ജീവിക്കുന്നതെന്നും ഗുജറാത്തിൽ നിന്നുള്ള സിപിഐഎം നേതാക്കൾ പറഞ്ഞു.

ഗുജറാത്തിൽ സിപിഐഎം അത്ര ശക്തിയുള്ള പാർട്ടിയല്ല. പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കുന്നത് 6 പ്രതിനിധികളാണ്. പക്ഷേ വർഗീയതയ്ക്കെതിരെ കൈക്കൊള്ളുന്നത് വിട്ടുവീഴ്ചയില്ലാത്ത നിലപാട്. സമ്മേളന പ്രതിനിധികളിൽ ഒരു മലയാളിയുണ്ട്. രാജ് ഘോട്ട് സ്വദേശി രാമചന്ദ്രൻ. ബിജെപി സർക്കാരിനെതിരെ സമരം ചെയ്തതിന് ക്രൂരമായ പൊലീസ് മർദ്ദനങ്ങൾ ഏറ്റുവാങ്ങി. നിരവധി ദിവസം ജയിലിൽ കിടന്നു. ഗുജറാത്ത് കലാപ കാലത്ത് സംഘപരിവാർ അഴിഞ്ഞാടിയപ്പോൾ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനായി രംഗത്തിറങ്ങിയവരിൽ രാമചന്ദ്രനും ഉണ്ടായിരുന്നു. ആ ദിനങ്ങൾ രാമചന്ദ്രൻ ഇങ്ങനെ ഓർത്തെടുക്കുന്നു.

കോൺഗ്രസ്സും ആം ആദ്മി പാർട്ടിയുമാണ് ഗുജറാത്തിലെ പ്രധാന പ്രതിപക്ഷ പാർട്ടികൾ, എന്നാൽ ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കോൺഗ്രസ്സോ ആപ്പോ തയ്യാറാവുന്നില്ല. സ്വന്തം നിലയിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗുജറാത്തിലെ സിപിഐഎം നേതൃത്ത്വം.

