KOYILANDY DIARY

The Perfect News Portal

ഗുജറാത്ത്‌ വംശഹത്യ കേസ്; കുറ്റവാളികള്‍ രക്ഷപ്പെടുന്നത്‌ തുടർക്കഥ

ഗുജറാത്ത്‌: വംശഹത്യ കേസിൽ കുറ്റവാളികള്‍ രക്ഷപ്പെടുന്നത്‌ തുടർക്കഥ. ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി മുസ്ലിങ്ങളെ ലക്ഷ്യമിട്ട്‌ നടത്തിയ കലാപങ്ങളിൽ വിവിധ കേസുകളിലെ പ്രതികളെ കോടതികൾ വെറുതെവിട്ടു. തെളിവുകൾ ഹാജരാക്കുന്നതിൽ ബിജെപി സർക്കാരുകളും അന്വേഷണ ഏജൻസികളും പരാജയപ്പെട്ടതാണ്‌ പ്രതികളെ രക്ഷിച്ചത്‌.

അഞ്ച്‌ മാസം ഗർഭിണിയായ പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ കുഞ്ഞിനെയടക്കം കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തിയ കേസിൽ 11 പേരെ 2008ൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. ബോംബെ ഹൈക്കോടതി വിധി ശരിവച്ചു. ഈ കുറ്റവാളികളെ ഗുജറാത്ത്‌ സർക്കാർ ശിക്ഷ ഇളവ്‌ ചെയ്‌ത്‌ 2022 ആഗസ്‌റ്റിൽ മോചിപ്പിച്ചു.  ബിൽക്കിസ്‌ ബാനു സുപ്രീംകോടതിയെ സമീപിച്ചു. ഗുജറാത്ത്‌ സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശം നടത്തി.

Advertisements

വഡോദരയിലെ  ബെസ്റ്റ്‌ ബേക്കറിയിൽ തീയിട്ട്‌ 14 പേരെ കൊന്നു. 21 പ്രതികളെ വഡോദര ഫാസ്റ്റ്‌ ട്രാക്ക്‌ കോടതി കുറ്റവിമുക്തരാക്കി. സുപ്രീംകോടതി ഇടപെട്ട്‌ വീണ്ടും വിചാരണ നടന്നു. 21 പേരെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. എട്ട്‌ പേരെ വെറുതെവിട്ടു. അഞ്ചുപേരെ ഹൈക്കോടതിയും വെറുതെവിട്ടു. കലോലിൽ വ്യത്യസ്ത സംഭവങ്ങളിൽ 12 പേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ 26 പേരെ പഞ്ചമഹൽ അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. ഉത്തര ഗുജറാത്തിലെ ദിപ്ദ ദർവാജയിലെ ഒരു കുടുംബത്തിലെ നാലു കുട്ടികളടക്കം 11 പേരെ കൊലപ്പെടുത്തി. 21 പേരെ ജീവപര്യന്തം ശിക്ഷിച്ചു. മുൻ ബിജെപി എംഎൽഎ പ്രഹ്ലാദ് ഗോസ ഉൾപ്പെടെ 61 പേരെ കുറ്റവിമുക്തരാക്കി.


വംശഹത്യയെ തുടർന്ന്‌ ആനന്ദ് നഗരത്തിനടുത്തുള്ള ഒഡെ ഗ്രാമത്തിലെ മുസ്ലിം വീടുകൾ തീവച്ച്‌ നശിപ്പിച്ചു. മൂന്നിടത്തായി 27 പേർ കൊല്ലപ്പെട്ടു. 47 പ്രതികളിൽ വിചാരണക്കോടതി 23 പേരെ ശിക്ഷിച്ചു. 18 പേർക്ക് ജീവപര്യന്തം തടവും അഞ്ചു പേർക്ക് ഏഴു വർഷം തടവുമാണ് വിധിച്ചത്. ജീവപര്യന്തം ലഭിച്ചവരിൽ നാലു പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. വംശഹത്യക്കിടയിൽ നടന്ന ഏറ്റവും വലിയ ആക്രമണത്തിൽ 96 പേർ മരിച്ചു. മന്ത്രിയായിരുന്ന മായാ കോട്‌നാനി, ബാബു ബജ്രംഗി തുടങ്ങിയ നേതാക്കളാണ് അക്രമികൾക്ക് ആയുധം നൽകിയത്. വിചാരണ കോടതി മായ കോട്‌നാനി അടക്കം 30 പേരെ ശിക്ഷിച്ചു. ഹൈക്കോടതി മൂന്നു പ്രതികളെ 10 വർഷം കഠിനതടവിന്‌ ശിക്ഷിച്ചു. 29 പേരെ വെറുതെ വിട്ടു.