KOYILANDY DIARY.COM

The Perfect News Portal

ബില്ലിൽ ഒപ്പിട്ട ഗവർണർ; തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജന നടപടികൾ ആരംഭിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജന നടപടികളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. കഴിഞ്ഞദിവസം ഗവർണർ ഇത് സംബന്ധിച്ച ബില്ലിൽ ഒപ്പിട്ടിരുന്നു. ഇതോടെ ഡീലിമിറ്റേഷൻ കമ്മീഷന് വാർഡ് വിഭജന നടപടികളിലേക്ക് കടക്കാൻ സാധിക്കും. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പ് പുതിയ വാർഡുകളുടെ അടിസ്ഥാനത്തിലാകും നടക്കുക. 2024 ലെ കേരള പഞ്ചായത്ത് രാജ് രണ്ടാം ഭേദഗതി ബില്ല്, കേരള മുൻസിപ്പാലിറ്റി രണ്ടാം ഭേദഗതി ബില്ല് എന്നിവയാണ് കഴിഞ്ഞദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടത്.

2001ലെ സെൻസസിന്റെ അടിസ്ഥാനത്തിലുള്ളതാണ് നിലവിലെ വാർഡുകൾ. അവസാനം നടന്ന 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡ് വിഭജിക്കാൻ 2020ൽ നിയമസഭ ബില്ല് പാസാക്കിയിരുന്നു. എന്നാൽ കോവിഡ് കാരണം നടപ്പായില്ല. അതേ ബില്ലാണ് ഇപ്പോൾ നിയമമാക്കിയത്. ബില്ല് പാസായതോടെ വാർഡ് വിഭജനത്തിനുള്ള കരട് നിർദ്ദേശങ്ങൾ തദ്ദേശസ്ഥാപന സെക്രട്ടറിമാർ തയ്യാറാക്കി കളക്ടർ മുഖേന ഡിലിമിറ്റേഷൻ കമ്മീഷന് നൽകും.

 

ഇത് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കും. ഇത് പരിശോധിച്ച് തീർപ്പാക്കിയതിനു ശേഷമാകും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക. മൂന്ന് ഘട്ടമായിട്ടാകും വാർഡ് വിഭജനം നടക്കുക. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയുടേതാണ് ആദ്യം നടക്കുക. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടേത് രണ്ടും മൂന്നും ഘട്ടങ്ങളിലായി നടക്കും.

Advertisements
Share news