KOYILANDY DIARY

The Perfect News Portal

കൊടുവള്ളിയില്‍ കള്ളക്കടത്ത് സ്വര്‍ണ്ണം പിടികൂടി

കോഴിക്കോട്: കൊടുവള്ളിയില്‍ കള്ളക്കടത്ത് സ്വര്‍ണ്ണം പിടികൂടി. 4 കോടി രൂപക്ക് മുകളിൽ വില വരുന്ന 7.2 കിലോയോളം അനധികൃത സ്വര്‍ണ്ണവും 13.2 ലക്ഷം രൂപയുമാണ് പിടികൂടിയത്. കൊടുവള്ളി നഗരത്തിലെ ഒരു വീടിൻ്റെ മുകളിൽ സജ്ജീകരിച്ച സ്വര്‍ണ്ണം ഉരുക്കുന്ന കേന്ദ്രത്തില്‍ ഡി.ആർ.ഐ സംഘം നടത്തിയ റെയ്ഡിലാണ് സ്വർണം പിടികൂടിയത്.കൊച്ചി ഡി. ആര്‍. ഐ യൂണിറ്റില്‍ നിന്നുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അന്വേഷണ സംഘം കൊടുവള്ളിയിൽ ക്യാമ്പ് ചെയ്തിരുന്നു.

സംഭവത്തിൽ നാലു പേരാണ് അറസ്റ്റിലായത്. സ്വര്‍ണ്ണം ഉരുക്കി വേര്‍തിരിക്കുന്ന കേന്ദ്രത്തിന്‍റെ ഉടമ ജയാഫര്‍, കൂടെയുണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ റഷീദ്, റഫീഖ്, കൊടുവള്ളി മഹിമ ജ്വല്ലറി ഉടമ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. പല രൂപങ്ങളിലെത്തുന്ന കള്ളക്കടത്ത് സ്വര്‍ണ്ണം ഈ കേന്ദ്രത്തില്‍ വെച്ച് ഉരുക്കിയ ശേഷം തിരികെ നല്‍കുകയാണ് പതിവ്. മഹിമ ജ്വല്ലറി ഉടമ നല്‍കിയ സ്വര്‍ണ്ണമാണ് പിടികൂടിയതില്‍ ഭൂരിഭാഗവുമെന്ന് ഡി. ആര്‍. ഐ വ്യക്തമാക്കി.