സ്വർണവില കുറഞ്ഞു; പവന് 1,11,720 രൂപ
.
റോക്കറ്റ് പോലെ കുതിച്ച സ്വർണവില പിടിവിട്ട് താഴേക്ക് വീഴുന്നത് തുടരുന്നു. കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെ ഇന്നും പൊന്നിന്റെ വില കുറഞ്ഞു. പവന് 1526 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന് 113240 രൂപയായിരുന്നെങ്കിൽ, ഇന്ന് അത് 1,11,720 രൂപയായിട്ടുണ്ട്. 190 രൂപയാണ് ഗ്രാമിന് കുറവ് വന്നിരിക്കുന്നത്. ആഭരണങ്ങൾ വാങ്ങാൻ നിൽക്കുന്നവർ ഒരേസമയം ആശ്വാസത്തിലും ആശങ്കയിലുമാണ്. രാവിലെ വില കുറഞ്ഞെങ്കിലും ഉച്ചക്ക് ശേഷം വിലയിൽ മാറ്റമുണ്ടാകാൻ സാധ്യത ഉണ്ടെന്നതാണ് കാരണം.

മിനിഞ്ഞാന്ന് രണ്ട് തവണയാണ് സ്വർണ വിലയിൽ മാറ്റം രേഖപ്പെടുത്തിയത്. രാവിലെ പവന് 117720 രൂപയും ഉച്ചയ്ക്ക് ശേഷം 1,16,920 രൂപയുമായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം വർധനയുണ്ടാകുമോ എന്ന ഭയം പലരെയും രാവിലെ തന്നെയുള്ള പർച്ചേസിന് പ്രേരിപ്പിക്കുന്നുണ്ട്. ജനുവരിയിൽ വൻകുതിപ്പുകൾ നടത്തിയ സ്വർണം ഈ മാസം പൊതുവെ താഴ്ന്ന നിലയിലാണ്. ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നതും ട്രംപിന്റെ നിലയ്ക്കാത്ത താരിഫ് ഭീഷണികളും അടക്കം വിലയെ ബാധിക്കുന്നുണ്ട്.




