കോതമംഗലത്ത് ഗ്യാലറി തകര്‍ന്നുവീണ് അപകടം: സംഘാടകർക്കെതിരെ കേസെടുത്തു

കോതമംഗലത്ത് ഗ്യാലറി തകര്‍ന്നുവീണ് അപകടമുണ്ടായ സംഭവത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. പോത്താനിക്കാട് പോലീസാണ് കേസെടുത്തത്. കൃതമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെ ഗ്യാലറി നിർമിച്ചതിനും അധികൃതരിൽ നിന്നും ആവശ്യമായ അനുമതി വാങ്ങാത്തതിനുമാണ് കേസ്. അപകടം നടന്ന അടിവാട് മാലിക് ദിനാർ ഗ്രൗണ്ടിൽ പോലീസും ഫയർ ഫോഴ്സും ഇന്ന് പരിശോധന നടത്തും.

അടിവാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീഴുകയായിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു. നാലായിരത്തോളം പേര്‍ ടൂര്‍ണമെന്റ് കാണാന്‍ എത്തിയിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു സംഭവം. ഇന്നലെ രാത്രി 9.30ഓടെയാണ് അപകടം നടന്നത്. ടൂർണമെന്റിനായി ഒരുക്കിയ താത്കാലിക ഗ്യാലറി ഒരു വശത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇരുന്ന ആളുകളോടെ ഗ്യാലറി പുറകിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്.

