മൃദംഗ വിഷൻ നൃത്തപരിപാടിയിലെ പണപ്പിരിവ്; മാതാപിതാക്കളുടെ മൊഴിയെടുത്ത് പൊലീസ്

മൃദംഗ വിഷൻ നൃത്തപരിപാടിയിലെ പണപ്പിരിവിൽ മാതാപിതാക്കളുടെ മൊഴിയെടുത്ത് പൊലീസ്. എറണാകുളം അസിസ്റ്റന്‍റ് കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളെ വിളിച്ച് വരുത്തിയാണ് മൊഴിയെടുത്തത്. സംഘാടകരുടെ പണപിരിവിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണം അവസാനിച്ചാൽ ഉടൻ പരാതിയിൽ കേസെടുക്കും. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ ബാലാവകാശ കമ്മീഷൻ നേരത്തേ കേസെടുത്തിരുന്നു.

സംഘാടകർ കൃത്യമായ വിവരം നൽകാതെ കബിളിപ്പിച്ചുവെന്നും രജിസ്ട്രേഷൻ ഫീസ് എന്ന് പറഞ്ഞ് 3500 രൂപ ആകെ വാങ്ങിയെന്നും ഒരു രക്ഷിതാവ് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, തങ്ങൾ 390 രൂപക്ക് നൽകിയ സാരികൾക്ക് സംഘാടകർ, പങ്കെടുത്തവരിൽ നിന്ന് 1600 രൂപ വീതം വാങ്ങിയതായി കല്യാൺ സിൽക്സും വാർത്താ കുറിപ്പ് ഇറക്കിയിരുന്നു.

അതേ സമയം, കൊച്ചി കലൂർ സ്‌റ്റേഡിയത്തിലുണ്ടായ അപകടത്തെ തുടർന്നെടുത്ത കേസിലെ പ്രതികൾക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സ്‌റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിയുടെ നടത്തിപ്പുകാരായ മൃദംഗ വിഷന്റെ സിഇഒ ഷമീർ അബ്ദുൾ റഹിം, ക്രമീകരണങ്ങൾ ഒരുക്കിയ ഇവന്റ്‌സ് ഇന്ത്യ പ്രൊപ്രൈറ്റർ എംടി കൃഷ്‌ണകുമാർ, താൽക്കാലിക സ്‌റ്റേജ് തയ്യാറാക്കിയ മുളന്തുരുത്തി സ്വദേശി ബെന്നി എന്നിവർക്കാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളോട് ജനുവരി മൂന്നിന് ഹാജരാകാൻ കോടതി നിർദേശിച്ചു.

