മയക്കുമരുന്നുമായി ലോഡ്ജില്‍ എത്തിയ സുഹൃത്തുക്കൾ പിടിയിൽ

മയക്കുമരുന്നുമായി ലോഡ്ജില്‍ എത്തിയ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്. കണ്ണൂര്‍ നഗരത്തിലെ ക്യാപിറ്റോള്‍ മാളിന് സമീപമുള്ള ലോഡ്ജിലാണ് താവക്കര ഫാത്തിമാസില്‍ നിഹാദ് മുഹമ്മദ്, പാപ്പിനിശ്ശേരി സ്വദേശിനി അനാമിക സുധീപ് എന്നിവര്‍ മയക്കുമരുന്നുമായി എത്തിയത്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. നാല് ഗ്രാം എംഡിഎംഎയും, ഒമ്പത് ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടികൂടി.

ലഹരി വില്‍പന നടക്കുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ പി നിധിന്‍ രാജിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നഗരത്തില്‍ വ്യാപക റെയ്ഡ് നടത്തിയത്. അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവുമായി രണ്ടു യുവതികൾ പിടിയിലായി. മുംബൈ സ്വദേശികളായ സഫ, ഷസിയ എന്നിവരാണ് പിടിയിലായത്. 44 ലക്ഷം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ഒന്നര കിലോ ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്.

രണ്ടാഴ്ച മുമ്പാണ് നാല് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് ഇവിടെ നിന്ന് പിടികൂടിയത്. തായ്ലന്‍റിൽ നിന്നും വന്ന പഞ്ചാബ് സ്വദേശിയുടെ പക്കൽ നിന്നാണ് 15 കിലോയോളം കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്.

