KOYILANDY DIARY.COM

The Perfect News Portal

ചരക്കുനീക്കം; കൊച്ചി തുറമുഖത്തിന് റെക്കോർഡ് നേട്ടം

കൊച്ചി: ചരക്കുനീക്കത്തിൽ കൊച്ചി തുറമുഖം റെക്കോർഡ് നേട്ടം കൈവരിച്ചു. 2023–-24 സാമ്പത്തികവർഷം 3.63 കോടി ടൺ ചരക്കാണ് കൊച്ചി തുറമുഖംവഴി കയറ്റിയയച്ചത്. 2022–23 സാമ്പത്തികവർഷത്തിൽ ഇത് 3.52 കോടി ടണ്ണായിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം ആകെ കൈകാര്യം ചെയ്ത ചരക്കിൽ 65 ശതമാനം വിദേശങ്ങളിലേക്കുള്ളതായിരുന്നു. 35 ശതമാനം  മറ്റ് ഇന്ത്യൻ തുറമുഖങ്ങളിലേക്കുള്ളതും. കൊച്ചി തുറമുഖത്തെ ഏറ്റവും ഉയർന്ന ചരക്കുനീക്കമാണിതെന്നും തുറമുഖ അതോറിറ്റി അറിയിച്ചു.

കൊച്ചി തുറമുഖം കൈകാര്യം ചെയ്യുന്ന ചരക്കിൽ 68 ശതമാനവും അസംസ്കൃത എണ്ണ, പെട്രോളിയം, എൽഎൻജി തുടങ്ങിയ ദ്രാവക ഉൽപ്പന്നങ്ങളും 28 ശതമാനം കണ്ടെയ്നറുകളുമാണ്. കഴിഞ്ഞ സാമ്പത്തികവർഷം 1.72 കോടി ടൺ അസംസ്കൃത എണ്ണയും 58.6 ലക്ഷം ടൺ പെട്രോളിയം ഉൽപ്പന്നങ്ങളും 11.3 ലക്ഷം ടൺ എൽഎൻജിയും കൈകാര്യം ചെയ്തു.

 

സിമന്റ്, വളം, ഉപ്പ്, ഉരുക്ക് ചുരുളുകൾ, പ്രതിരോധ ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്‌ക്കുപുറമെ, ജനുവരിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ (എംയുഎൽടി) വഴി ഇപ്പോൾ  എൽപിജിയും കൊച്ചി തുറമുഖം കൈകാര്യം ചെയ്യുന്നുണ്ട്. കണ്ടെയ്നർ നീക്കത്തിലും റെക്കോഡ് നേട്ടം കൈവരിച്ചു. വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ കഴിഞ്ഞ സാമ്പത്തികവർഷം 7,54,237 ടിഇയു ചരക്കാണ് കൈകാര്യം ചെയ്തത്. മുൻ സാമ്പത്തികവർഷം 6,95,230 ടിഇയു ആയിരുന്നു.

Advertisements
Share news