KOYILANDY DIARY

The Perfect News Portal

വ്യാജ രസീത് നിര്‍മ്മിച്ച് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കെഎസ്ആര്‍ടിസിയില്‍ നിന്ന് കണ്ടക്ടര്‍ പണം തട്ടിയതായി കണ്ടെത്തല്‍. വ്യാജ രസീത് ബുക്ക് നിര്‍മ്മിച്ച് 1.21 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടാണ് ഇയാള്‍ നടത്തിയത്. കെഎസ്ആര്‍ടിസി പാലക്കാട് യൂണിറ്റിലെ കണ്ടക്ടറും ബജറ്റ് ടൂറിസം സെല്‍ കോഡിനേറ്ററുമായ കെ വിജയശങ്കറാണ് പണം തട്ടിയത്. തട്ടിപ്പ് തെളിഞ്ഞതോടെ കെ വിജയശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു.

ജീവനക്കാരില്‍ നിന്ന് തുക തിരിച്ച് പിടിക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. ഇയാള്‍ 12ഓളം വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് ക്രമക്കേട് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. വിജിലന്‍സ് അന്വേഷണത്തിലാണ് ക്രമക്കേട് സ്ഥിരീകരിച്ചത്.

 

ഗവിയിലേക്കും വയനാടിലേക്കും ഉള്‍പ്പെടെ പാലക്കാട് നിന്ന് സംഘടിപ്പിച്ചിട്ടുള്ള ബജറ്റ് ടൂറിസം പാക്കേജുകളുടെ മറവിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. തുക ഓണ്‍ലൈനായി അടച്ചു എന്നായിരുന്നു കെ വിജയശങ്കറിൻറെ വിശദീകരണം. എന്നാല്‍ തുക ഓണ്‍ലൈനായി അടച്ചിട്ടില്ലെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. സര്‍വീസ് നടത്തുന്നതിന് മുന്‍പ് തന്നെ ഇയാള്‍ എല്ലാ യാത്രക്കാരില്‍ നിന്നും പണം വാങ്ങിയിരുന്നു.

Advertisements