KOYILANDY DIARY

The Perfect News Portal

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് അപകടം

കോഴിക്കോട്: മുക്കം മാമ്പറ്റയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. മുക്കം-കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ ട്രാൻസ്ഫോർമറിനടുത്താണ് റോഡ് സൈഡിലുള്ള ആൽമരം കാറിനു മുകളിൽ ഒടിഞ്ഞു വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടു മൂന്നു മണിയോടെ കനത്ത കാറ്റും മഴയും ഉണ്ടായതിനെ തുടർന്നാണ് മരം ഒടിഞ്ഞുവീണത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കത്തുനിന്നു അഗ്നിരക്ഷാ സേന എത്തിയാണ് മരം മുറിച്ചു നീക്കിയത്. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ പയസ് അഗസ്റ്റിൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. പി അമീറുദീൻ, കെ. രജീഷ്, കെ. എ. ഷിംജു, കെ. പി. അജേഷ്, ഹോംഗാർഡ് ടി. രവീന്ദ്രൻ എന്നിവരടങ്ങിയ ഫയർഫോഴ്സ് സംഘമാണ് റോഡിൽ നിന്നു മരം മുറിച്ചു മാറ്റി ഗതാഗത യോഗ്യമാക്കിയത്.