ബേപ്പൂരിലെ ഉരുപ്പണിശാലയിൽ വിദേശസംഘം
.
ഫറോക്ക്: നൂറ്റാണ്ടുകൾക്കുമുമ്പെ ബേപ്പൂരിനെ ലോകത്തിന് സുപരിചിതമാക്കിയ ഉരു നിർമാണം നേരിട്ട് കാണാൻ വിദേശ സഞ്ചാരികളുടെ സംഘം. തച്ചന്മാരുടെ മനക്കണക്കും കരവിരുതും ഖലാസികളുടെ കൈക്കരുത്തും സഞ്ചാരികളെ അത്ഭുതപ്പെടുത്തി. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ആയുര്‍വേദ വെല്‍നസ് കോണ്‍ക്ലേവിന്റ ഭാഗമായി എത്തിയ 34 രാജ്യങ്ങളിലെ നൂറോളം സഞ്ചാരികളാണ് ഉരു നിർമാണത്തെപ്പറ്റിയറിയാൻ ബേപ്പൂർ കക്കാടത്ത് ചാലിയാർ തീരത്തുള്ള ഉരുപ്പണിശാലയിൽ എത്തിയത്.

വിദേശരാജ്യങ്ങളുമായി നിരവധി നൂറ്റാണ്ടുകൾക്കപ്പുറത്തെ ബേപ്പൂരിന്റെ വ്യാപാര വാണിജ്യ ബന്ധങ്ങളും സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതിയും ഇതുവഴി രൂപമെടുത്ത ഉരുനിർമാണവും ഉൾപ്പെടെ ബേപ്പൂരിന്റെയും മലബാറിന്റെയും ചരിത്രം വിദേശ സംഘത്തിന് മുമ്പിൽ അനാവരണം ചെയ്തു. ഖത്തറിലേക്ക് അയക്കാനുള്ള ഉരുവിന്റെ വിവരങ്ങളും ഇതിനുപയോഗിക്കുന്ന മരങ്ങൾ സംബന്ധിച്ചും ഉരു നിർമാതാവ് എടത്തൊടി വിഷ്ണു വിവരിച്ചു.

ഡിടിപിസി ഏർപ്പെടുത്തിയ സ്റ്റോറി ടെല്ലര്‍ രജീഷ് രാഘവന് ചരിത്രപരമായ വസ്തുതകളിലൂടെ വിവരങ്ങൾ നൽകി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്, ജില്ല ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ സെക്രട്ടറി ഡോ. ടി നിഖില്‍ദാസ്, അനീസ് ബഷീർ എന്നിവർ വിദേശ സംഘത്തെ സ്വീകരിച്ചു. സമീപത്തെ ബഷീർ സ്മാരകം “ആകാശമിഠായി’ സന്ദർശിച്ച് സംഘം വയനാട്ടിലേക്ക് യാത്ര തിരിച്ചു.




