ശബരിമല ക്ഷേത്രത്തിൽ പൈങ്കുനി ഉത്ര ഉത്സവത്തിന് കൊടിയേറി

ശബരിമല: ശബരിമല ക്ഷേത്രത്തിൽ പൈങ്കുനി ഉത്ര ഉത്സവത്തിന് കൊടിയേറി. തന്ത്രി കണ്ഠര് രാജീവര്, കണ്‌ഠര് ബ്രഹ്‌മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത്, ബോർഡംഗം അഡ്വ. എ അജികുമാർ, സ്പെഷ്യൽ കമീഷണർ ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

രണ്ടുമുതൽ 18 വരെ രാവിലെ അഞ്ചിന് നട തുറക്കും. 10ന് പള്ളിവേട്ടയ്ക്ക് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. 11നാണ് ആറാട്ട്. രാവിലെ ഒമ്പതിന് പമ്പയിലേക്ക് ആറാട്ട് പുറപ്പെടും. 11ന് ആറാട്ടിനുശേഷം പമ്പാഗണപതി കോവിലിലേക്ക് എഴുന്നള്ളത്ത് നടക്കും. വൈകിട്ട് ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് മടങ്ങും.

ഘോഷയാത്ര സന്നിധാനത്ത് എത്തിയശേഷം കൊടിയിറക്കും. മേടവിഷു ഉത്സവം പത്തിന് ആരംഭിക്കും. വിഷു ദിവസമായ 14ന് രാവിലെ നാലുമുതൽ ഏഴുവരെ വിഷുക്കണി ദർശനം. മേടമാസപൂജകൾ പൂർത്തിയാക്കി 18ന് രാത്രി 10ന് നടയടയ്ക്കും.

