KOYILANDY DIARY.COM

The Perfect News Portal

തിരുവോണനാളില്‍ തലസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരിച്ചത് അഞ്ചുപേര്‍

തിരുവോണനാളില്‍ തലസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരിച്ചത് അഞ്ചുപേര്‍. വര്‍ക്കലയില്‍ മാത്രം ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കളാണ് മരിച്ചത്. ഒരു ബൈക്കില്‍ മൂന്നുപേരും രണ്ടാമത്തെ ബൈക്കില്‍ രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിയന്ത്രണം വിട്ട വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.

 

കഴക്കൂട്ടത്തും മംഗലപുരത്തും ഉണ്ടായ രണ്ടു അപകടങ്ങളിലാണ് മറ്റു രണ്ടുപേര്‍ മരിച്ചത്. മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞുകയറിയാണ് ഒരാള്‍ മരിച്ചത്. ശാസ്തവട്ടം സ്വദേശി ഷൈജുവാണ് മരിച്ചത്. കഴക്കൂട്ടത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചാണ് അഞ്ചാമത്തെയാള്‍ മരിച്ചത്.

 

വര്‍ക്കല കുരയ്ക്കണ്ണി ജംഗ്ഷനില്‍ രാത്രി പതിനൊന്നേകാലോടെയായിരുന്നു അപകടമുണ്ടായത്. ഇടവ തോട്ടുമുഖം സ്വദേശികളായ ആനന്ദബോസ് (19), ആദിത്യന്‍ (19), വര്‍ക്കല പുന്നമൂട് സ്വദേശി ജിഷ്ണു (20) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കു പറ്റിയ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടവ തോട്ടുംമുഖം സനോജ് (19) വര്‍ക്കല ജനാര്‍ദ്ധനപുരം സ്വദേശി വിഷ്ണു (19) എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റു.

Advertisements
Share news