KOYILANDY DIARY.COM

The Perfect News Portal

ആന എഴുന്നള്ളിപ്പിനടുത്ത് വെടിക്കെട്ട് നടത്താന്‍ പാടില്ല; വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കൊച്ചി: ആന എഴുന്നള്ളിപ്പിനടുത്ത് വെടിക്കെട്ട് നടത്താന്‍ പാടില്ലെന്ന് നാട്ടാന പരിപാലന ജില്ലാ മോണിറ്ററിങ് കമ്മറ്റി. 2012 ലെ നാട്ടാന പരിപാലന ചട്ടത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. ഉത്സവസീസണ്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഉത്സവങ്ങളില്‍ പങ്കെടുക്കുന്ന ആനകള്‍ക്ക് സ്വീകരണം പാടില്ല. ഉത്സവത്തിന് 72 മണിക്കൂര്‍ മുന്‍പ് പൊലീസ് സ്‌റ്റേഷനിലും സോഷ്യല്‍ ഫോറസ്റ്റി ഓഫീസിലും അറിയിക്കണം.  ഉത്സവഭാരവാഹികള്‍ ആന എഴുന്നള്ളിപ്പ് വിവരം വെറ്ററിനറി ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. രാവിലെ പത്തുമുതല്‍ വൈകീട്ട് നാലുവരെ ആന എഴുന്നള്ളിപ്പുകള്‍ക്ക് അനുവാദം ഉണ്ടാകില്ല. തലപ്പൊക്ക മത്സരം അംഗീകരിക്കില്ല. ആനകള്‍ ജില്ല വിട്ടുപോകുമ്പോള്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ അറിയിക്കണം. രജിസ്‌ട്രേഷനുള്ള ഉത്സവങ്ങളില്‍ മാത്രമേ ആന എഴുന്നള്ളിപ്പ് അനുവദിക്കൂകയുള്ളുവെന്നും നിബന്ധനകളിലുണ്ട്. 

Share news