KOYILANDY DIARY.COM

The Perfect News Portal

എആർഎമ്മിന്റെ വ്യാജപതിപ്പ്‌; തമിഴ്‌ റോക്കേഴ്‌സ്‌ അംഗങ്ങൾ അറസ്‌റ്റിൽ

കൊച്ചി: ടൊവിനോ തോമസ്‌ നായകനായ എആർഎം സിനിമയുടെ വ്യാജപതിപ്പ്‌ ടെലഗ്രാമിൽ പ്രചരിപ്പിച്ച കേസിൽ തമിഴ്‌ റോക്കേഴ്‌സ്‌ സംഘാംഗങ്ങൾ അറസ്‌റ്റിൽ. സത്യമംഗലം സ്വദേശികളായ എ കുമരേശൻ (29), കെ പ്രവീൺകുമാർ (31) എന്നിവരെയാണ്‌ കൊച്ചി സൈബർ പൊലീസ്‌ ബംഗളൂരുവിൽനിന്ന്‌ പിടികൂടിയത്‌. സംവിധായകൻ ജിതിൻ ലാലിന്റെ പരാതിയിലാണ്‌ നടപടി.

സിനിമ റിലീസായ ദിവസംതന്നെ വ്യാജപതിപ്പ്‌ ഇവർ ടെലഗ്രാമിൽ ഇറക്കിയിരുന്നു. കോയമ്പത്തൂർ എസ്‌ആർകെ മിറാജ്‌ തിയറ്ററിൽനിന്നാണ്‌ സിനിമ റെക്കോർഡ്‌ ചെയ്‌തത്‌. മലയാളം, കന്നഡ, തമിഴ്‌ ചിത്രങ്ങളുടെ വ്യാജപതിപ്പ്‌ നിർമിച്ച്‌ തമിഴ്‌ റോക്കേഴ്‌സ്‌, വൺ തമിഴ്‌ എംവി സൈറ്റുകൾവഴി പ്രചരിപ്പിച്ച്‌ പണം സമ്പാദിക്കുന്നതായിരുന്നു രീതി. അന്വേഷകസംഘത്തിൽ എസ്‌ഐമാരായ എൻ ആർ ബാബു, പ്രിൻസ്‌ ജോർജ്‌, എഎസ്‌ഐമാരായ ശ്യാംകുമാർ, സി ആർ ഡോളി, സിപിഒമാരായ ഷറഫുദീൻ, ആൽഫിറ്റ്‌ ആൻഡ്രൂസ്‌ എന്നിവരുണ്ടായി.

വേട്ടയ്യനും പകർത്തി; , മൂന്നാമനായി അന്വേഷണം
കുമരേശനും പ്രവീൺകുമാറും രജനികാന്തിന്റെ പുതിയ ചിത്രം വേട്ടയ്യനും തിയറ്ററിൽനിന്ന്‌ പകർത്തി. എആർഎം, വേട്ടയ്യൻ ഉൾപ്പെടെ 35 ചിത്രം പകർത്തിയതായി ഇവർ വെളിപ്പെടുത്തി. ഇതിൽ കൂടുതലുണ്ടാകുമെന്നാണ്‌ പൊലീസ്‌ നിഗമനം. തമിഴ്‌ റോക്കേഴ്‌സിന്‌ സമാനമായ വൺ തമിഴ്‌ എംവിയുടെ അഡ്‌മിൻ കൂടിയാണിവർ. സത്യമംഗലം സ്വദേശിയും ഇവർക്കൊപ്പമുണ്ട്‌. ഇയാൾക്കായി അന്വേഷണം നടക്കുന്നു. ഐ ഫോണുകൾ ഉപയോഗിച്ചാണ്‌ സിനിമ പകർത്തുന്നത്‌.

Advertisements

 

സബ്‌ടൈറ്റിൽ തയ്യാറാക്കി സൈറ്റിലേക്ക്‌ നൽകിയിരുന്നത്‌ ബംഗളൂരുവിലെ മുറിയിൽവച്ചാണ്‌. നാലു ഫോണും ഇവരിൽനിന്ന്‌ പിടിച്ചെടുത്തു. രണ്ടുമാസംമുമ്പ്‌ ‘ഗുരുവായൂർ അമ്പലനടയിൽ’ സിനിമയുടെ വ്യാജപതിപ്പ്‌ പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതി ജെബ്‌ സ്‌റ്റീഫൻ രാജിനെയും കൊച്ചി സിറ്റി സൈബർ പൊലീസ്‌ പിടികൂടിയിരുന്നു.

 

Share news