ഓക്സിജൻ പ്ലാന്റിലെ പൊട്ടിത്തെറി; അന്വേഷണത്തിന് ആരോഗ്യ മന്ത്രിയുടെ നിർദേശം
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് നിർദ്ദേശം നൽകിയത്.

സാങ്കേതിക വിദഗ്ധർ അന്വേഷിക്കണമെന്നാണ് മന്ത്രി നിർദ്ദേശം നൽകിയത്. രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. 1000 ലീറ്ററിന്റെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ആയിരത്തിന്റെയും മുന്നൂറിന്റെയും രണ്ടു സിലിണ്ടറുകളാണ് പ്ലാന്റിലുള്ളത്. പ്ലാന്റ് പൂർണമായും തകർന്നു.

