KOYILANDY DIARY

The Perfect News Portal

മോൻസന്റെ ഇടപാടിൽ ബന്ധമില്ലെന്ന്‌ ന്യായീകരണം: കെ സുധാകരൻ നാളെ ഹാജരാകില്ല

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പുകേസിൽ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ നാളെ അന്വേഷകസംഘത്തിന്‌ മുന്നിൽ ഹാജരാകില്ല. കെ സുധാകരന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ തനിക്ക് പങ്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ സുധാകരന്‍ പറഞ്ഞു.  ബുധനാഴ്‌ച കളമശേരി ഓഫീസിൽ ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ച്‌ നോട്ടീസ്‌ നൽകിയിരുന്നത്‌.


മോൻസണുമായി ഒരു ബന്ധവുമില്ലെന്നാണ്‌ സുധാകരൻ ഇപ്പോൾ പറയുന്നത്‌. നിയമനടപടികൾ അഭിഭാഷകരുമായി ആലോചിക്കുകയാണെന്നാണ്‌ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. സുധാകരൻ മോൻസണിന്റെ കൈയിൽനിന്ന്‌ 10 ലക്ഷം രൂപ വാങ്ങുന്നത്‌ കണ്ടെന്ന്‌ ദൃക്‌സാക്ഷികൾ കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ക്രൈംബ്രാഞ്ച്‌ നടപടിയെടുത്തത്‌. മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തും ജീവനക്കാരായ ജയ്‌സണും ജോഷിയുമാണ്‌ രഹസ്യമൊഴി നൽകിയത്‌.

Advertisements

കേസിലെ മറ്റൊരു പരാതിക്കാരൻ തൃശൂർ സ്വദേശി അനൂപ്‌, മോൻസണിന്‌ 25 ലക്ഷം രൂപ നൽകിയിരുന്നു. ഇതിന്‌ സുധാകരൻ ഇടനില നിന്നതായാണ്‌ പരാതി. അനൂപ്‌ പോയശേഷം ഇതിൽനിന്നാണ്‌ മോൻസൺ സുധാകരന്‌ 10 ലക്ഷം കൈമാറിയതെന്നാണ്‌  ദൃക്‌സാക്ഷികളുടെ  മൊഴി. സുധാകരൻ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സ്ഥാനാർഥിയായിരുന്ന സമയത്താണ്‌ സംഭവം. മോൻസണിന്റെ വീട്ടിൽ 10 ദിവസം താമസിച്ച്‌ കെ സുധാകരൻ സൗന്ദര്യവർധനയ്ക്കുള്ള ചികിത്സ നടത്തിയതായും പരാതിക്കാരൻ ആരോപിച്ചിരുന്നു.

കോടികളുടെ തട്ടിപ്പ്; സുധാകരൻ മധ്യസ്ഥനായി

Advertisements

വിദേശത്തേക്ക് പുരാവസ്‌തുക്കൾ നൽകിയതിന്റെ പണം ലഭിക്കാനുണ്ടെന്ന് പറഞ്ഞ് ഹർജിക്കാരനടക്കം അഞ്ചുപേരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തെന്നാണ് മോൻസണെതിരായ കേസ്. ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന 2.62 ലക്ഷം കോടി രൂപ ലഭിക്കാൻ ഇടപെടാമെന്ന്‌ തങ്ങളുടെ സാന്നിധ്യത്തിൽ സുധാകരൻ ഉറപ്പുനൽകിയെന്നും പരാതിക്കാർ പറഞ്ഞിരുന്നു. കൊച്ചി കലൂരിലെ മോൻസണിന്റെ വീട്ടിൽവച്ച്‌ സുധാകരന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെന്നും തട്ടിപ്പിനിരയായവർ വെളിപ്പെടുത്തി. മോൻസണിന്റെ വസതിയിൽ നിരവധിതവണ പോയെന്ന്‌ സുധാകരനും സമ്മതിച്ചിരുന്നു.