KOYILANDY DIARY

The Perfect News Portal

പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്; ആരോഗ്യമന്ത്രി വീണ ജോര്‍ജ്

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കുന്നതിന് കാരണമാകും. മെയ് മാസത്തില്‍ തന്നെ ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ജൂണ്‍ രണ്ടിന് തന്നെ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിരുന്നു. മരുന്നുകളുടെ ലഭ്യതയും എല്ലാ ആശുപത്രികളിലും ജില്ലകളിലും ഉറപ്പാക്കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ എല്ലാ ജില്ലകളിലും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയിരുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.

എലിപ്പനിയുടെ കേസില്‍ നേരത്തെ രോഗം സ്ഥിരീകരിക്കാന്‍ ഏഴ് ദിവസം വരെ സമയം എടുത്തിരുന്നു. ഈ കാലതാമസത്തെ മറികടക്കുന്നതിന്റെ ഭാഗമായാണ് ആര്‍ടിപിസിആര്‍ പരിശോധന നടപ്പിലാക്കിയത്. ഇതിലൂടെ മണിക്കൂറുകള്‍ക്കകം തന്നെ എലിപ്പനി സ്ഥിരീകരിക്കാനാകും. ഈ മാസം തന്നെ കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയാല്‍ ജൂലൈ മാസത്തോടെ ഡെങ്കിയുടെ വ്യാപനം തടയാനാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.അതേസമയം മലപ്പുറത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കുറ്റിപ്പുറം സ്വദേശി ദാസന്റെ മകന്‍ ഗോകുല്‍ (13) മരിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.