എറണാകുളം മഹാരാജാസ് കോളേജിന്, രാജ്യത്തെ മികച്ച സര്‍ക്കാര്‍ സ്വയംഭരണ കോളേജുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം
രാജ്യത്തെ മികച്ച സര്‍ക്കാര്‍ സ്വയംഭരണ കോളേജുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നേടി എറണാകുളം മഹാരാജാസ് കോളേജ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ മാസികയുടെ എഡ്യുക്കേഷന്‍ വേള്‍ഡ് ഇന്ത്യ കോളേജ് റാങ്കിങ്ങിലാണ് മഹാരാജാസിന്‍റെ നേട്ടം. കരിക്കുലം, വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം, അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍ ലഭ്യത, അധ്യാപക ക്ഷേമവും വികസനവും തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് നേട്ടം.

എല്ലാ മേഖലയിലും മഹാരാജാസ് 70 ശതമാനത്തിനു മുകളില്‍ പോയിന്‍റ് കരസ്ഥമാക്കി. ഹൈദരാബാദ് ഗവണ്‍മെന്‍റ് ഡിഗ്രി വിമന്‍സ് കോളേജാണ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. 500 വിദ്യാര്‍ത്ഥികളും 21 അധ്യാപകരുമായി ഒന്നര നൂറ്റാണ്ടു മുന്‍പാണ് ഈ കലാലയം പ്രവർത്തനമാരംഭിക്കുന്നത്. 1925 ലാണ് മഹാരാജാസ് എന്ന പേര് ലഭിക്കുന്നത്. ഇന്ന് മൂവായിരത്തില്‍പ്പരം വിദ്യാര്‍ത്ഥികളും പഠിപ്പിക്കാനായി 200ല്‍പ്പരം അധ്യാപകരുണ്ട്.

പലതരത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെയും പ്രത്യേകിച്ച് മഹാരാജാസ് കോളേജിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നപ്പോഴും അതിനെയെല്ലാം അതിജീവിച്ച് മുന്നേറുകയായിരുന്നു ഈ കലാലയം. രാജ്യത്തെ മികച്ച സര്‍ക്കാര്‍ സ്വയംഭരണ കോളേജുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ട് മഹാരാജാസ് കോളേജ് നേട്ടത്തിന്‍റെ മറ്റൊരു പൊന്‍തൂവല്‍ കൂടി ചൂടിയിരിക്കുകയാണ്.

