മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുക: ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ

കൊയിലാണ്ടി: പൊതുവിപണിയിൽ എത്തുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനും ഉറപ്പുവരുത്താനുമുള്ള സർക്കാർ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. മഹമൂദ് മൂടാടി അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ ജീവിതശൈലി രോഗങ്ങൾ നിയന്ത്രണാതീതമായി തീരുന്നതിനും സംസ്ഥാനത്തെ രോഗാതുരനില ആശങ്കപ്പെടുത്തും വിധം കൂടുന്നതിനും മരുന്നുകളുടെ ഗുണനിലവാരമില്ലായ്മ ഒരു കാരണമായി തീരുന്നുണ്ട്.

പ്രമേയം
സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകളുടെ വർദ്ധിപ്പിച്ച മിനിമം വേതനം ഉടൻ നടപ്പിലാക്കുക, ഓൺലൈൻ മരുന്ന് വിൽപനയ്ക്കുള്ള കേന്ദ്ര സർക്കാർ അനുമതി പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങളും കൺവെൻഷനിൽ അവതരിപ്പിച്ചു.

ജനറിക് മരുന്നുകളെന്ന ലേബലിൽ ദിനംപ്രതി വിപണിയിലെത്തുന്ന മരുന്നുകളുടെ ക്വാളിററി ടെസ്റ്റ് കർശനമായി നടപ്പാക്കാത്തതും, ഡ്രഗ് ടെസ്റ്റിംഗ് ലാബുകളുടെ അപര്യാപ്തതയും സബ് സ്റ്റാൻഡേർഡ് മരുന്നുകളുടെ വ്യാപനത്തിനിടയാക്കുന്നുണ്ടെന്നും ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ അഭിപ്രായപ്പെട്ടു.

ഫാർമസി കൗൺസിൽ പ്രസിഡണ്ട് ഒ. സി നവീൻ ചന്ദ്, ഫാർമസി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി സതീശൻ, അജിത് കിഷോർ തൃശൂർ, കെ.പിപിഎ സംസ്ഥാന ജനറൽ സിക്രട്ടറി സി ബാലകൃഷ്ണൻ, സംസ്ഥാന പ്രസിഡണ്ട് യോഹന്നാൻ കുട്ടി, ഫാർമസി കൗൺസിൽ അംഗം കെ.ടി.വി. രവീന്ദ്രൻ, ഷിജി ജേക്കബ് കോട്ടയം, അൻസാരി കൊല്ലം, അജിത്കുമാർ ആലപ്പുഴ തുടങ്ങിയവർ സംസാരിച്ചു. എസ്.ഡി സലീഷ് കുമാർ സ്വാഗതവും ജില്ലാ സിക്രട്ടറി എം. ജിജീഷ് നന്ദിയും പറഞ്ഞു.
