പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന് അന്നദാനം നടത്തുന്നത് എട്ടു വീട്ടിൽ തറവാട്ടുകാർ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം നടത്തുന്നത് ദേവസ്വം ബോർഡാണെന്ന അവകാശവാദം തെറ്റാണെന്നും, അന്നദാനം നടത്തുന്നത് ക്ഷേത്ര ഊരായ്മ അവകാശമുള്ള എട്ടുവീട്ടിൽ തറവാടുകളിലെ അംഗങ്ങളാണെന്ന് പിഷാരികാവ് ക്ഷേത്രേശ കുടുംബസമിതി പത്രക്കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം ക്ഷേത്ര ചെയർമാനും എക്‌സിക്യൂട്ടീവ് ഓഫീസറും വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് പത്രക്കാരെ അറിയിച്ചതെന്നും ക്ഷേത്രേശ സമിതി പ്രസിഡണ്ട് അറിയിച്ചു.

പണ്ടുകാലം മുതൽക്ക് തന്നെ എട്ടുവീട്ടിൽ തറവാട്ടുകാരുടെ അവകാശമായിരുന്നു അന്നദാനം. ഓരോ ദിവസവും ഓരോ തറവാട്ടുകാരാണ് അന്നദാനം നടത്തുക. പഴയ കാലത്ത് കഞ്ഞിയും പയറും പുഴുക്കുമായിരുന്നു അന്നദാനത്തിന് കൊടുക്കാറുള്ളതെങ്കിൽ ഇന്ന് എല്ലാ വിഭവങ്ങളുമടങ്ങിയ വിഭവസമൃദ്ധമായ സദ്യയാണ് കൊടുക്കുന്നതെന്ന് സമിതി പ്രസിഡണ്ട് അറിയിച്ചു. ക്ഷേത്രേശ സമിതിക്കെതിരെ വസ്തുതയ്ക്ക് നിരക്കാത്ത ആരോപണം ഉന്നയിച്ച ദേവസ്വം അധികൃതരുടെ നിലപാടിൽ കടുത്ത പ്രതിഷേധം അറിയിക്കുന്നതായും പ്രസിഡണ്ട് അറിയിച്ചു.

