KOYILANDY DIARY

The Perfect News Portal

ഡിവൈഎഫ്‌ഐയുടെ ‘ഹൃദയപൂർവം’ പൊതിച്ചോർ വിതരണം 25 ലക്ഷം കവിഞ്ഞു

കോഴിക്കോട്‌: ഡിവൈഎഫ്‌ഐയുടെ ‘ഹൃദയപൂർവം’ പൊതിച്ചോർ വിതരണം 25 ലക്ഷം കവിഞ്ഞു. മനുഷ്യർക്ക്‌ മനുഷ്യരോടുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും രുചിയായിരുന്നു 25 ലക്ഷം പൊതിച്ചോറുകൾക്ക്‌. രോഗക്കിടക്കയിൽ വീണുപോയ അജ്ഞാതരായ മനുഷ്യരുടെ വിശപ്പകറ്റാൻ പല ദേശങ്ങളിലെ അടുക്കളകളിൽ പാകമായ വിഭവങ്ങൾ. ഇലപ്പൊതികളിൽ നിറഞ്ഞത്‌ രോഗം വേഗം ഭേദമാകട്ടെയെന്ന സാന്ത്വനത്തിന്റെ ഹൃദയഭാഷ. ആശുപത്രി കിടക്കയിൽ ഒറ്റയ്‌ക്കല്ലെന്നും ആരൊക്കെയോ കൂട്ടിനുണ്ടെന്നും ഓർമപ്പെടുത്തുന്നുണ്ട്‌ ഈ അന്നവിചാരം.
 ഏറ്റവും പ്രിയപ്പെട്ടവർക്കുള്ള പാഥേയമെന്നപോൽ ഇലപ്പൊതിയിൽ നാട്‌ സ്‌നേഹരുചികൾ പകർന്നു. ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ആരംഭിച്ച ‘ഹൃദയപൂർവം’ പൊതിച്ചോർ വിതരണം 25 ലക്ഷം കവിഞ്ഞു. 2021 ആഗസ്‌ത്‌ ഒന്നിന്‌ തുടക്കമിട്ട ഉച്ചഭക്ഷണ വിതരണമാണ്‌ 21 മാസം പിന്നിടുമ്പോൾ കാൽക്കോടി പിന്നിടുന്നത്‌. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായാണ്‌ ദിവസേന മൂവായിരം മുതൽ നാലായിരംവരെ പൊതിച്ചോർ വിതരണംചെയ്യുന്നത്‌.
Advertisements
വീടുകളിൽനിന്ന്‌ ശേഖരിക്കുന്ന പൊതിച്ചോറാണ്‌ 263 മേഖലാ കമ്മിറ്റികൾ ഊഴമിട്ട്‌ ദിവസേന വിതരണംചെയ്യുന്നത്‌. യൂണിറ്റുകളിലെ പ്രവർത്തകർ വീടുകളിലെത്തിയാണ്‌ ഭക്ഷണപ്പൊതി ശേഖരിക്കുക. ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ’ മുദ്രാവാക്യത്തോടെയുള്ള സാന്ത്വനപ്രവർത്തനത്തിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ നാടൊന്നടങ്കം പങ്കാളിയാകുന്നു.
‘ലോകത്ത്‌ മറ്റെവിടെയെങ്കിലും ഇത്രയും വിപുലമായ ജനകീയ കാരുണ്യപ്രവർത്തനം കാണാനാവില്ല. ലക്ഷക്കണക്കിന്‌ കുടുംബങ്ങളും പ്രവർത്തകരും രോഗികളും കൂട്ടിരിപ്പുകാരും ചേർന്നുള്ള ഹൃദയഭാഷയാണത്‌. മറ്റാർക്കും അനുകരിക്കാനാകാത്തത്‌’ ജില്ലാ സെക്രട്ടറി പി സി ഷൈജു പറഞ്ഞു.
ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ എ റഹീം എംപിയാണ്‌ ഭക്ഷണ വിതരണം ഉദ്‌ഘാടനം ചെയ്‌തത്‌. ആഗസ്‌ത്‌ ഒന്നിന്‌ ഹൃദയപൂർവം പദ്ധതിയുടെ രണ്ടാം വാർഷികം വിപുലമായി ആഘോഷിക്കും. വടകര ജില്ലാ ആശുപത്രി, കുറ്റ്യാടി, കൊയിലാണ്ടി, നാദാപുരം, താമരശേരി താലൂക്ക്‌ ആശുപത്രികൾ എന്നിവിടങ്ങളിൽ ഡിവൈഎഫ്‌ഐ പ്രഭാത, സായാഹ്ന ഭക്ഷണവും വിതരണംചെയ്യുന്നുണ്ട്‌.