ബസ്സ് യാത്രക്കിടെ അധ്യാപികയുടെ ബാഗിൽ നിന്ന് പണം അപഹരിച്ചു
കൊയിലാണ്ടി: ബസ്സ് യാത്രക്കിടെ അധ്യാപികയുടെ ബാഗിൽ നിന്ന് പണം നഷ്ടപ്പെട്ടു. സ്കൂളിലെ കഞ്ഞി വിതരണത്തിനായുള്ള തുകയാണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി മേപ്പയ്യൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ നിന്നാണ് പ്രധാന അധ്യാപികയുടെ ബാഗിലുണ്ടായിരുന്ന 29,000 രൂപ കവർന്നെടുത്തത്. നടുവത്തൂർ സ്കൂളിലെ പ്രധാന അധ്യാപിക ബിന്ദുവിന്റെ ഭാഗിൽ നിന്നാണ് പണം മോഷ്ടിച്ചത്.

ബുധനാഴ്ച വൈകുന്നേരം മൂന്നരയ്ക്കാണ് സംഭവം. കൊയിലാണ്ടി പോലീസിൽ പരാതി നല്കിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്റ്റാന്റിൽ നിന്ന് പുറപ്പെട്ട ബസ്സിൽ നിന്ന് രണ്ട് സ്ത്രീകൾ കൊല്ലം സ്റ്റോപ്പിൽ ഇറങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരാണോ എന്ന് സംശയിക്കുന്നതായി അധ്യാപിക പറഞ്ഞു. അന്വേഷണം ഊർജ്ജിതമായി നടക്കുന്നതായി കൊയിലാണ്ടി എസ്. ഐ അനീഷ് വടക്കയിൽ പറഞ്ഞു.
