KOYILANDY DIARY

The Perfect News Portal

മയക്കുമരുന്ന് വിൽപ്പന; ഇടനിലക്കാരൻ അറസ്റ്റിൽ

കോഴിക്കോട്: മയക്കുമരുന്ന് വിൽക്കുകയും ലഹരിമരുന്ന്‌ ഇടപാടുകളിൽ ഇടനിലക്കാരനായി പ്രവർത്തിക്കുകയും ചെയ്യുന്ന യുവാവിനെ പിടികൂടി. അരക്കിണർ ലൈല മൻസിൽ മുഹമദ് ഷഹദിനെ (34) നർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ പ്രത്യേക കർമസേനയും ടൗൺ ഇൻസ്‌പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് പാളയത്തുവച്ച് പിടികൂടി.
ഇയാൾ മാത്തോട്ടം, പയ്യാനക്കൽ, അരക്കിണർ ഭാഗങ്ങളിലെ ലഹരിവിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ ഡൽഹിയിൽനിന്ന്‌ മയക്കുമരുന്ന് കൈമാറിയതും ഇയാളാണെന്ന് തിരച്ചറിഞ്ഞിട്ടുണ്ട്.
നേരത്തെ ടൗൺ പൊലീസും ലഹരിവിരുദ്ധ കർമസേനയും ചേർന്ന് അബ്ദുൾ നാസർ, ഷറഫുദ്ദീൻ, ഷബീർ എന്നിവരെ 84 ഗ്രാം എംഡിഎംഎയും 18 ഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയിരുന്നു. ഇവർക്ക് ഡൽഹിയിൽനിന്ന് മയക്കുമരുന്ന് എത്തിച്ചുനൽകിയ മുസമ്മിലിനെ മംഗളൂരുവിലും പിടികൂടി. തുടർന്നുള്ള അന്വേഷണത്തിലാണ്‌ മയക്കുമരുന്നിനായി ഇടപാട് നടത്തിയത്‌ ഷഹദാണെന്ന് മനസ്സിലായത്‌.
Advertisements
കേസിൽ ഇതുവരെ അഞ്ച് പേർ അറസ്റ്റിലായി. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണികളെപ്പറ്റി വിവരം ലഭിച്ചതായി പൊലീസ്‌ പറഞ്ഞു. ജില്ലാ ലഹരിവിരുദ്ധ കർമസേന സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്‌, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, കെ അഖിലേഷ്, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, ടൗൺ സ്റ്റേഷനിലെ എഎസ്ഐ  മുഹമ്മദ് സബീർ, ഉദയകുമാർ എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.