KOYILANDY DIARY

The Perfect News Portal

കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസും

തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസും. സ്ത്രീധനമായി നൽകിയ സ്വർണം തട്ടിയെടുത്തെന്നും കൂടുതൽ പണത്തിനായി പീഡിപ്പിച്ചെന്നും ആരോപിച്ച്‌ മകന്റെ ഭാര്യ 2022ൽ പരാതി നൽകിയിരുന്നു. കേസ്‌ ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്‌.

2022 സെപ്‌തംബർ 11ന്‌ ആയിരുന്നു സത്യഭാമയുടെ മകന്റെ വിവാഹം. അന്ന്‌ രാത്രി മുതൽ സത്യഭാമ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്നാണ്‌ കന്റോൺമെന്റ്‌ പൊലീസ്‌ രജിസ്റ്റർ ചെയ്‌ത കേസിൽ പറയുന്നത്‌. 35 പവനും ഊരിവാങ്ങിയശേഷം പത്ത്‌ ലക്ഷം രൂപ സ്ത്രീധനമായി വീട്ടിൽനിന്ന്‌ കൊണ്ടുവരണമെന്ന്‌ നിർബന്ധിച്ചെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.

പരാതിക്കാരിയുടെ പേരിലുള്ള വീടും സ്ഥലവും ഭർത്താവിന്റെ പേരിൽ എഴുതിനൽകണമെന്നും ഇതിനുശേഷം വീട്ടിലേക്ക്‌ വന്നാൽ മതിയെന്നും പറഞ്ഞ്‌ നിരന്തരം പീഡിപ്പിച്ചു. ഒരാഴ്‌ച മാത്രമാണ്‌ യുവതി സത്യഭാമയുടെ വീട്ടിൽ നിന്നത്‌. തന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ടെന്നു പറഞ്ഞ്‌ സത്യഭാമ താലിമാല വലിച്ചുപൊട്ടിച്ചെടുത്തു. തടയാൻ ശ്രമിച്ച പരാതിക്കാരിയുടെ അച്ഛനെയും നിലത്തേക്ക്‌ തള്ളിയിട്ടു. കടുത്ത പീഡനമാണ്‌ താൻ അനുഭവിച്ചതെന്നും വിവാഹമോചനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും യുവതി പറഞ്ഞു.

Advertisements

 

നിയമനടപടി 
സ്വീകരിക്കും- ആർഎൽവി രാമകൃഷ്‌ണൻ
ജീർണിച്ച മനസ്സുമായി കഴിയുന്ന കലാമണ്ഡലം സത്യഭാമയെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന്‌ ഡോ. ആർഎൽവി രാമകൃഷ്‌ണൻ. സാംസ്‌കാരിക രംഗത്ത്‌ ഇത്തരം സവർണ ചിന്താഗതിയുള്ളവർ നിലയുറപ്പിച്ചാൽ നാട്ടിൽ ഭീകരാവസ്ഥ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സത്യഭാമയുടെ ഹീന നടപടിക്കെതിരെ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു, കലാഭവൻ മണിയുടെ സഹോദരൻകൂടിയായ ആർ എൽ വി രാമകൃഷ്‌ണൻ. 

പലവിധ അധിക്ഷേപങ്ങൾ അതിജീവിച്ചാണ്‌ മുന്നോട്ടുപോകുന്നത്‌. അതിനിടെ കാക്കയുടെ നിറക്കാരനെന്നും പെറ്റതള്ള സഹിക്കില്ലെന്നും മറ്റും പറഞ്ഞ്‌ സത്യഭാമ അധിക്ഷേപിച്ചത്‌ മനോവിഷമമുണ്ടാക്കി. കലാഭവൻ മണി  അടക്കമുള്ളവരും ഇത്തരത്തിൽ അധിക്ഷേപം നേരിട്ടിട്ടുണ്ട്‌. ഇത്തരം വ്യക്തികൾ കാരണം പട്ടികജാതിക്കാരായ കലാകാരന്മാർക്ക്‌ പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയാണെന്ന്‌ ആർഎൽവി രാമകൃഷ്‌ണൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. 

തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽനിന്ന്‌ നാലുവർഷത്തെ ഡിപ്ലോമയും പോസ്‌റ്റ്‌ ഡിപ്ലോമയും നേടിയ രാമകൃഷ്‌ണൻ എംജി സർവകലാശാലയിൽനിന്ന്‌ എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസായി. കലാമണ്ഡലത്തിൽനിന്ന്‌ മോഹിനിയാട്ടത്തിൽ പിഎച്ച്‌ഡിയും നേടി. 15 വർഷത്തിലധികമായി കാലടി സംസ്കൃത സർവകലാശാലയിലും ആർഎൽവി കോളേജിലും മോഹിനിയാട്ടം ഗസ്റ്റ് ലക്ചററായും പ്രവർത്തിക്കുകയാണ്‌.