KOYILANDY DIARY

The Perfect News Portal

കേരള ഹൈക്കോടതിയിലേക്ക്‌ ആറു ജഡ്‌ജിമാരെക്കൂടി നിയമിച്ച്‌ കേന്ദ്രസർക്കാർ

കൊച്ചി: കേരള ഹൈക്കോടതിയിലേക്ക്‌ ആറു ജഡ്‌ജിമാരെക്കൂടി നിയമിച്ച്‌ കേന്ദ്രസർക്കാർ ഉത്തരവിറക്കി. അഭിഭാഷകരായ എസ്‌ ഈശ്വരൻ, എസ് മനു, വി എം ശ്യാംകുമാർ, എം എ അബ്ദുൾ ഹക്കീം, ഹരിശങ്കർ വി മേനോൻ, പി എം മനോജ് – എന്നിവരെ അഡീഷണൽ ജഡ്ജിമാരായാണ്‌ നിയമിച്ചത്‌. ഇവരുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച പകൽ 3.30ന്‌ ഹൈക്കോടതിയിൽ നടക്കും. കേരളത്തിലെ പ്രശസ്‌തമായ നിയമ കുടുംബത്തിലെ നാലാം തലമുറയിൽപ്പെട്ടയാളാണ്‌ എസ്‌ ഈശ്വരൻ. ന്യായാധിപനാകാനുള്ള ക്ഷണം രണ്ടുതവണ നിരസിച്ച ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്ന ഇ സുബ്രഹ്‌മണി (മണി സ്വാമി)യുടെ മകനാണ്‌.

തൃക്കാക്കര സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂൾ, മഹാരാജാസ്‌ കോളേജ്‌, എറണാകുളം ഗവ. ലോ കോളേജ്‌ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ ഈശ്വരൻ 1999ൽ പ്രാക്ടീസ് തുടങ്ങി.   ഈശ്വർ ആൻഡ്‌ മണി അസോസിയറ്റ്‌സ്‌ നടത്തുന്നു. എൽഐസി, ഇന്ത്യൻ ബാങ്ക്, എസ്‌ബിഐ എന്നിവയുടെ നിയമോപദേഷ്ടാവാണ്‌. തിരുവിതാംകൂർ മഹാരാജാവിന്റെ നിയമോപദേഷ്‌ടാവായിരുന്ന, ക്ഷേത്രപ്രവേശന വിളംബരം തയ്യാറാക്കിയ ഇ സുബ്രഹ്‌മണ്യ അയ്യരുടെയും രാജൻ കേസ്‌ ഉൾപ്പെടെ നടത്തിയ പ്രഗല്‌ഭനായ അഭിഭാഷകൻ എസ്‌ ഈശ്വര അയ്യരുടെയും ചെറുമകനാണ്‌. അമ്മ: ശാരദ. ഭാര്യ: അഖില. മക്കൾ: സുബ്രമണി, ഹരിശങ്കർ. 
തൃശൂർ അയ്യന്തോൾ പുതൂർക്കര വൈശാഖത്തിൽ റിട്ട. ഡെപ്യൂട്ടി റേഞ്ചർ പി എം മാധവന്റെയും പി വി കല്യാണിയുടെയും മകനാണ്‌ പി എം മനോജ്‌. പുണെ സിംബയോസിസ് ലോ കോളേജിൽനിന്ന് എൽഎൽബിയും കൊച്ചി സർവകലാശാലയിൽനിന്ന് എൽഎൽഎമ്മും നേടി. 1999ൽ ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. രണ്ടുതവണ ഗവ. പ്ലീഡറായി പ്രവർത്തിച്ചു. ഭാര്യ: പി കെ വിനീത. മക്കൾ: മാനവ്‌ പി മനോജ്, മാനസ് പി മനോജ്. 

കേന്ദ്രസർക്കാരിന്റെ അസിസ്‌റ്റന്റ്‌ സോളിസിറ്റർ ജനറലായ എസ്‌ മനു കോട്ടയം ആനിക്കാട്‌ സ്വദേശിയാണ്‌. കേരള സർവകലാശാലയിൽനിന്ന്‌ നിയമബിരുദവും അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്‌. 1998ൽ പ്രാക്ടീസ്‌ തുടങ്ങി. കേന്ദ്രസർക്കാരിന്റെയും ലക്ഷദ്വീപ്‌ ഭരണകൂടത്തിന്റെയും കോൺസലായി പ്രവർത്തിച്ചു. എൻഐഎയുടെയും കസ്‌റ്റംസിന്റെയും എയർപോർട്ട്‌ അതോറിറ്റിയുടെയും അഭിഭാഷകനായിരുന്നു. റിട്ട. ഹെഡ്‌മാസ്‌റ്റർ കെ എസ്‌ ശ്രീധരൻനായരുടെയും ഡി സതീദേവിയുടെയും മകനാണ്‌. ഭാര്യ: ഡോ. എം ജി രമ്യ. മക്കൾ: എം ശ്രീഹരി, എം ശ്രീറാം.

Advertisements

തൃശൂർ സ്വദേശിയായ വി എം ശ്യാംകുമാർ എറണാകുളം ലോ കോളേജിൽനിന്ന്‌ നിയമബിരുദവും കുസാറ്റിൽനിന്ന്‌ ബിരുദാനന്തര ബിരുദവും നേടി. 1996ൽ അഭിഭാഷകനായി പ്രാക്ടീസ്‌ തുടങ്ങി. ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ്‌ ചെയ്‌തു. അഡ്വ, ടി ഗോപകുമാറിന്റെയും ആലുവ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജിൽ ഫിസിക്‌സ്‌ വിഭാഗം മേധാവിയായിരുന്ന പ്രൊഫ. മാധവിക്കുട്ടിയുടെയും മകനാണ്‌. ഭാര്യ: സന്ധ്യ (അധ്യാപിക). മകൾ: നീലിമ. 

പരേതനായ പ്രമുഖ അഭിഭാഷകൻ എം എം അബ്ദുൽ അസീസ് മുല്ലപ്പിള്ളിയുടെയും എം എച്ച് സുബൈദയുടെയും മകനാണ് എം എ അബ്ദുൾ ഹക്കീം. പെരുമ്പാവൂർ സ്വദേശി. എറണാകുളം ലോ കോളജിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമടക്കം 32 വർഷമായി പ്രാക്ടീസ് ചെയ്യുന്നു. സിവിൽ, ക്രിമിനൽ, ഫാമിലി, ബാങ്കിങ്‌ നിയമങ്ങളിൽ പ്രാഗല്‌ഭ്യം തെളിയിച്ചു. ഭാര്യ: മഞ്ജുഷ. മക്കൾ: അസീസ് മുഷ്താഖ്, ഫാത്തിമ അഫ്രിൻ, മുഹമ്മദ് ഫർദീൻ. 

എറണാകുളത്തെ പ്രമുഖ അഭിഭാഷകനായിരുന്ന അരിക്കാട്ട് വിജയൻ മേനോന്റെയും ശോഭനയുടെയും മകനാണ് ഹരിശങ്കർ വി മേനോൻ. 97ൽ പ്രാക്ടീസ് തുടങ്ങി. ഹൈക്കോടതി, വാറ്റ് അപ്പലേറ്റ് ട്രിബ്യൂണൽ, ഇൻകംടാക്സ് അപ്പലേറ്റ് ട്രിബ്യൂണൽ എന്നിവിടങ്ങളിൽ പ്രാക്ടീസ്. കലൂർ ലിറ്റിൽ ഫ്ലവർ ചർച്ച് റോഡിൽ മാധവത്തിലാണ് താമസം. ഭാര്യ: അഡ്വ. മീര വി മേനോൻ. മക്കൾ: അഡ്വ. പാർവതി മേനോൻ, മഞ്ജുനാഥ് മേനോൻ.