KOYILANDY DIARY.COM

The Perfect News Portal

വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളിലെ 1 മുതല്‍ 8 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരത്ത് മന്ത്രി പി രാജീവ് പരിപാടി ഉദ്ഘാടനം ചെയ്യും. കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂ‌ളിൽ മന്ത്രി പി രാജീവ് കൈത്തറി യൂണിഫോമിന്റെ വിതരണ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.

പതിമൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കുട്ടികള്‍ക്ക് അറുന്നൂറ് രൂപ ക്രമത്തില്‍ എഴുപത്തിയൊമ്പത് കോടി രൂപയിലധികം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എ.പി.എല്‍ – ബി.പി.എല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം ലഭിക്കും.

 

നിലവില്‍ സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും. സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എൽപി, യുപി സർക്കാർ സ്കൂളുകളിലും 1 മുതൽ 4 വരെയുള്ള എയ്ഡഡ് എൽപി സ്കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നൽകി വരുന്നു.

Advertisements

 

കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതൽ  8 വരെയുള്ള ഗവണ്മെന്റ് ഹൈസ്കൂളിലെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും, 1 മുതൽ  8 വരെയുള്ള എയ്ഡഡ് സ്കൂളുകളിലെ മുഴുവൻ കുട്ടികള്‍ക്കും ഇതോടൊപ്പം 1 മുതൽ  5 വരെയുള്ള എയ്ഡഡ് എൽ പി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് 600 രൂപ നിരക്കിൽ അലവന്‍സ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നല്‍കി വരുന്നു.

Share news