KOYILANDY DIARY

The Perfect News Portal

ഡൽഹി ചലോ മാർച്ച് താത്കാലികമായി നിർത്താൻ തീരുമാനം

‘ഡൽഹി ചലോ’ മാർച്ച് താത്കാലികമായി നിർത്താൻ കർഷക സംഘടനകളുടെ തീരുമാനം. ഫെബ്രുവരി 29 വരെ മാർച്ച് നിർത്തിവെക്കും. തുടർ സമരങ്ങളെക്കുറിച്ച് 29ന് ശേഷം തീരുമാനമെടുക്കും. അതുവരെ പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭു, ഖനൗരി മേഖലയിൽ തുടരാനും കർഷകർ തീരുമാനിച്ചു.

ഇന്ന് മെഴുകുതിരി മാർച്ചും നാളെ കർഷക സംബന്ധമായ വിഷയങ്ങളിൽ സെമിനാറുകളും നടക്കും. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച ഫോറങ്ങളുടെ മീറ്റിംഗുകൾ നടത്താനും നിശ്ചയിച്ചിട്ടുണ്ട്. കർഷകരുമായി ചർച്ച നടത്തുന്നതിന് മന്ത്രിമാരുടെ മൂന്നംഗ സമിതിക്ക് കേന്ദ്രം രൂപം നൽകിയതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വെള്ളിയാഴ്ച പറഞ്ഞു. കർഷകരുടെ ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സീതാരാമൻ. അതിനിടെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. ദര്‍ശന്‍ സിങ് എന്ന കര്‍ഷകനാണ് മരിച്ചത്.

 

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ സമരത്തിനിടെ മരിച്ച കര്‍ഷകരുടെ എണ്ണം അഞ്ചായി. വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി), സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ നടപ്പാക്കൽ, കാർഷിക കടം എഴുതിത്തള്ളൽ തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ‘ഡൽഹി ചലോ’ മാർച്ച്. സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയുമാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Advertisements