എൻ എം വിജയന്റെയും മകന്റെയും മരണം: കുറ്റപത്രം സമർപ്പിച്ചു, ഐ സി ബാലകൃഷ്ണന് എംഎല്‍എ ഒന്നാം പ്രതി

.
ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ഐ സി ബാലകൃഷ്ണൻ എംഎൽഎ ഒന്നും, വയനാട് ഡിസിസി മുൻ പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ രണ്ടും, കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ മൂന്നും പ്രതികളാണ്. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രത്യേക അന്വേഷകസംഘം തലവൻ ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുൾ ഷെരീഫ് കുറ്റപത്രം സമർപ്പിച്ചത്.

നൂറോളം സാക്ഷിമൊഴികളുണ്ട്. ബാങ്ക് ഇടപാട് രേഖകൾ, വിജയനുമായി നേതാക്കൾ നടത്തിയ ഫോൺ വിളികളുടെ വിശദാംശങ്ങൾ, ഓഡിയോ ക്ലിപ്പിങ്ങുകൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ, വിജയന്റെ ഡയറിയിലെ വിശദാംശങ്ങൾ എന്നിവയെല്ലാം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഒന്നര കോടിയോളം രൂപയുടെ ബാധ്യത വിജയന് ഉണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളും ജാമ്യത്തിലാണ്.

2024 ഡിസംബർ 24നാണ് വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം.വിജയനെയും മകൻ ജിജേഷിനെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡിസംബർ 27ന് ഇരുവരും മരിച്ചു. ആത്മഹത്യ കുറിപ്പിൽ ഐ സി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവരാണ് മരണത്തിന് ഉത്തരവാദികളെന്ന് എൻ എം വിജയൻ എഴുതിയിരുന്നു.

