KOYILANDY DIARY.COM

The Perfect News Portal

ചോദ്യ പേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം; വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിലാണ് ഡി ജി പിയുടെ ഉത്തരവ്

ചോദ്യ പേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം. വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിലാണ് ഡി ജി പിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും. ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ യൂട്യൂബിൽ പ്രചരിച്ച സംഭവത്തിൽ ഡിജിപിക്കും സൈബർ പൊലീസിനും പരാതി നൽകിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. ചില യൂട്യൂബ് ചാനലുകളിൽ ചോദ്യപേപ്പർ വന്നത് അതീവ ഗൗരവ സംഭവമാണെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“പരീക്ഷ നടത്തിപ്പിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല. രണ്ട് സെറ്റ് ചോദ്യപേപ്പർ തയ്യാറാക്കിയിരുന്നു. ചോദ്യപേപ്പർ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ പുറത്ത് പോകില്ല.”- അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണെന്നും തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും ഏതൊക്കെ അധ്യാപകരാണ് സ്വകാര്യ ട്യൂഷൻ സെൻ്ററുകളിൽ പോകുന്നത് എന്നത് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

“ട്യൂഷൻ സെൻ്ററുകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിൻ്റെ ഭാഗമാണ് ഇത്തരം സംഭവങ്ങൾ. ചില വിഷയങ്ങളുടെ ചോദ്യ പേപ്പറാണ് പുറത്ത് പോകുന്നത്. അത് പ്രത്യേകമായി പരിശോധിക്കും. പല നിലയിലുള്ള അന്വേഷണം നടക്കും. നേരായ രീതിയിൽ പോകുന്ന സംവിധാനത്തെ തകർക്കുക ആണ് ലക്ഷ്യം. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നടപടി എടുക്കും എന്നതിൽ സംശയമില്ല”-മന്ത്രി കൂട്ടിച്ചേർത്തു.

Advertisements
Share news