സിപിഐ(എം) കിളിമാനൂർ ഏരിയാകമ്മറ്റി അംഗം കെ രാജേന്ദ്രൻ (65) അന്തരിച്ചു
കിളിമാനൂർ: സിപിഐ എം കിളിമാനൂർ ഏരിയാകമ്മറ്റി അംഗം നെല്ലിക്കുന്ന് അടയമൺ അഞ്ജലിയിൽ കെ രാജേന്ദ്രൻ (65) അന്തരിച്ചു. പഴയകുന്നുമ്മേൽ പഞ്ചായത്ത് മുൻ പ്രസിഡണ്ടായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിക്കെയായിരുന്നു അന്ത്യം.

പ്രഥമ ജില്ലാ കൗൺസിൽ കിളിമാനൂർ ഡിവിഷൻ അംഗം, ജില്ലാ പഞ്ചായത്ത് കിളിമാനൂർ ഡിവിഷൻ അംഗം, ദീർഘകാലം പഴയകുന്നുമ്മേൽ പഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബർ മാസം വരെ പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ശാരീരിക അസ്വസ്ഥകളെ തുടർന്ന് പ്രസിഡന്റ് പദവി ഒഴിയുകയായിരുന്നു. എൻആർഇജി വർക്കേഴ്സ് യൂണിയൻ ഏരിയാ ട്രഷറർ, പികെഎസ് ഏരിയാ ട്രഷറർ, കർഷകതൊഴിളായൂണിയൻ ഏരിയാ കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരുകയായിരുന്നു.

ഭാര്യ: പ്രിയ രാജേന്ദ്രൻ (സിപിഐ(എം) അടയമൺ ലോക്കൽ കമ്മറ്റിയംഗം, മുൻ പഴയകുന്നുമ്മേൽ പഞ്ചായത്തംഗം, കാർഷിക വികസന ബാങ്ക് ജീവനക്കാരി). മക്കൾ: അഞ്ജലി, ആർച്ച (സിപിഐ(എം) നെല്ലിക്കുന്ന് ബ്രാഞ്ച് അംഗം, ഡിവൈഎഫ്ഐ അടയമൺ മേഖലാ കമ്മറ്റിയംഗം). മരുമകൻ: ജിജിൻ (ചടയമംഗലം ഗ്രാമ പഞ്ചായത്ത്). കുടുംബവീട്ടിലും സിപിഐ എം ഏരിയാകമ്മറ്റി ഓഫീസ് വളപ്പിലും, രാജാരവിവർമ്മാ കമ്യൂണിറ്റിഹാളിലും പൊതുദർശനത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.

സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, സംസ്ഥാനകമ്മറ്റിയംഗം കടകംപള്ളി സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി വി ജോയി, എംഎൽഎ മാരായ ഒ എസ് അംബിക, ഡി കെ മുരളി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ആർ രാമു, ബി പി മുരളി, ജില്ലാ കമ്മറ്റിയംഗങ്ങളായ മടവൂർ അനിൽ, ബി സത്യൻ, ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ തുടങ്ങി നിരവധി നേതാക്കൾ അന്താഞ്ജലി അർപ്പിച്ചു.
